മെഡിക്കൽ സെന്റർ തട്ടിപ്പ് ; ശമ്പളവും, ജോബ് വിസയും നൽകിയില്ല, ലേബർ കോടതിയെ സമീപിച്ച് നഴ്സുമാരും ഡോക്ടർമാരും
ദുബായ് : കരാമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിന്റെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തി ദമ്പതികൾ . കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ നഴ്സുമാരെയും, ഡോക്ടർമാരെയും ജീവനക്കാരെയുമാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. കരാമ മുനിസിപ്പൽ ലാബിനു പിന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്റർ ഉടമകളാണ് തട്ടിപ്പ് നടത്തിയത്.
ശമ്പളം നൽകാതെയും വിസ പുതുക്കാതെയും തട്ടിപ്പ് നടത്തിയതോടെ ഇരകൾ പരാതിയുമായി ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്. കന്യാകുമാരി സ്വദേശിയായ ഭർത്താവും തമിഴ്നാട്ടുകാരിയായ ഭാര്യയുമാണ് മെഡിക്കൽ സെന്റർ നടത്തുന്നത്. ജൂണിലാണ് ഇവിടെ മലയാളി നഴ്സുമാർക്ക് നിയമനം നൽകിയത്. ഓരോരുത്തരിൽനിന്നും 75,000 രൂപ കൈപ്പറ്റിയിരുന്നു. വിസിറ്റ് വിസയാണ് ആദ്യം നൽകിയതെങ്കിലും പിന്നീട് തൊഴിൽ വിസ നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മാസം ശമ്പളം നൽകിയെങ്കിലും പിന്നീട് ലഭിച്ചില്ല. ഒരാൾക്കു മാത്രമാണ് തൊഴിൽ വിസ എടുത്തുനൽകിയത്. മറ്റുള്ളവരുടെ വിസ പുതുക്കാത്തതിനാൽ വൻ തുക പിഴ വന്നിരിക്കുകയാണ്.
പത്തോളം ജീവനക്കാരുള്ള മെഡിക്കൽ സെന്ററാണിത്. ലക്ഷം രൂപയുടെ മുകളിൽ ഡോക്ടറിൽനിന്ന് കൈപ്പറ്റിയെന്നാണ് ആരോപണം. ഐ.ടി ജീവനക്കാർക്കും ശമ്പളം നൽകാനുണ്ട്. എല്ലാവരും ചേർന്ന് ഒരുമിച്ച് പരാതി നൽകാനുള്ള നീക്കത്തിലാണ് . സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും വേറെ ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതിയിലാണ് ഉടമകളെന്നും പറയുന്നു. ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.