യു.എ.ഇ. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽഹെരി
ദുബായ് : പരിസ്ഥിതിയോടിണങ്ങി യു എ ഇ. അന്താരാഷ്ട്രതലത്തിൽ മികച്ച 10 മറൈൻ ഇക്കോസിസ്റ്റം പദ്ധതികളിൽ യു എ ഇ ഇടം നേടി. കാനഡയിൽ നടന്ന 15-ാമത് യു.എൻ. ജൈവവൈവിധ്യ സമ്മേളനത്തിലാണ് (കോപ്പ് 15) യു.എ.ഇ.യുടെ വിവിധ സംരംഭങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. അബുദാബി പരിസ്ഥിതി ഏജൻസിയുടെ കോസ്റ്റൽ ആൻഡ് മറൈൻ ഇക്കോസിസ്റ്റം പ്രിസർവേഷൻ റിഹാബിലിറ്റേഷൻ പ്രോഗ്രാം (ഇ.എ.ഡി.) ആണ് സമ്മേളനത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചത്. പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന ഒരു ലോകം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 2050 വിഷൻ സാക്ഷാൽക്കരിക്കുകയാണ് യു എ ഇ യുടെ അടുത്ത ലക്ഷ്യമെന്നും യു.എ.ഇ. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽഹെരി സമ്മേളനത്തിൽ പറഞ്ഞു.
ദ്രുതഗതിയിലുള്ള സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മാറ്റങ്ങളെ ലോകം ഇന്ന് നേരിടുകയാണ്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് അൽഹെരി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മികച്ച ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് സ്വീകരിക്കുന്നതിനും ജൈവവൈവിധ്യം നഷ്ടപ്പെടാതിരിക്കാനും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അവർ അഭ്യർഥിച്ചു. അതിനായി ഒരു സംയോജിത നിയമനിർമാണ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ട് അനുബന്ധപദ്ധതികളും സംരംഭങ്ങളും ആവിഷ്‌കരിക്കണം. കൂടാതെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സമൂഹത്തെ പങ്കാളികളാക്കണം. ജൈവവൈവിധ്യം സംരക്ഷിക്കാൻ യു.എ.ഇ. സ്ഥിരമായി പ്രയത്നിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോപ്പ് 15-ൽ ഒന്നിലേറെ പരിപാടികളിൽ മന്ത്രി പങ്കെടുത്തു.