ദുബായിൽ വീണ്ടും സൈബർ തട്ടിപ്പ്, ആറംഘ സംഘം പിടിയിൽ
ദുബായ് : ദുബായിൽ വ്യാജ വെബ് സൈറ്റ് വഴി തട്ടിപ്പ് നടത്തിയ ആറംഘ സംഘം പിടിയിൽ. വെബ്സൈറ്റ് വഴി നടത്തിയ തട്ടിപ്പിൽ സ്വർണ്ണവും മയക്കുമരുന്നുമാണ് പ്രതികൾ വില്പന നടത്തിയത്. വെബ് സൈറ്റ് വഴി സ്വർണ്ണം വാങ്ങാൻ ശ്രമിച്ച് പറ്റിക്കപ്പെട്ടതായി വ്യാപക പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം ലഭ്യമാകുമെന്ന പരസ്യം കണ്ടാണ് ആളുകൾ കെണിയിൽ അകപ്പെട്ടത്. ക്രഡിറ്റ് കാർഡുകൾ വഴി സ്വർണ്ണം ബുക്ക് ചെയ്യാനും, വാങ്ങേണ്ട ആഭരണം സെലക്ട് ചെയ്ത് പണമടച്ചതിന് കൺഫർമേഷൻ മെസ്സേജുകളും വ്യക്തികൾക്ക് ലഭിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിരവധി പേർക്ക് പണം നഷ്ടമായി. പ്രതികൾ ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ ചോർത്തുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് വ്യാജ വെബ്സൈറ്റ് കണ്ടെത്തി.പ്രതികളുടെ താമസ സ്ഥലത്തു നടത്തിയ അന്വേഷണത്തിൽ ഇവർ മയക്കുമരുന്ന് വില്പന നടത്തിയതായും തെളിഞ്ഞു. ആറംഘ സംഘത്തെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കി.വ്യാജ വെബ്സൈറ്റ് പോലീസ് പ്രവർത്തനരഹിതമാക്കി.