മുസ്ലീങ്ങളൊഴികെ ലോകത്തെവിടെയുള്ളവർക്കും ഇനി യു എ യിൽ വിവാഹിതരാവാം
അബുദാബി : അമുസ്ലീങ്ങൾക്കായി പുതുവർഷത്തിൽ പുതുക്കിയ വ്യക്തിഗത നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തെ കോടതി മുമ്പാകെ നടക്കുന്ന വിവാഹങ്ങളുടെ കരാറുകളും രജിസ്‍ട്രേഷനും സംബന്ധിച്ച വ്യവസ്ഥകളാണ് നിയമത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.രാജ്യത്ത് താമസിക്കുന്ന വിദേശികളായ മുസ്‍ലിം ഇതര വിഭാഗക്കാര്‍ക്ക് വിവാഹത്തിൽ തങ്ങളുടെ സ്വന്തം രാജ്യത്തെ നിയമം പിന്തുടരാന്‍ ആഗ്രഹമില്ലാത്ത പക്ഷം യുഎഇയിലെ ഈ പുതിയ നിയമത്തിന്റെ പരിധിയില്‍ വരാം
വിവാഹത്തിന് പുറമെ ദമ്പതികളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ട് പേരോ മുന്‍കൈയെടുക്കുന്ന വിവാഹ മോചനങ്ങള്‍, വിവാഹ മോചനത്തിന് ശേഷമുള്ള സാമ്പത്തിക അവകാശങ്ങളിലെ തീര്‍പ്പുകള്‍, കുട്ടികളുടെ സംരക്ഷണ ചുമതല സംബന്ധിച്ച നിബന്ധനകള്‍ തുടങ്ങിയവും പുതിയ നിയമത്തിലുണ്ട്. ഒപ്പം മുസ്‍ലിം ഇതര വിഭാഗങ്ങളില്‍പെടുന്നവരുടെ അനന്തരാവകാശം, വില്‍പത്രങ്ങള്‍, പിതൃത്വവുമായി ബന്ധപ്പെട്ട മറ്റ് തര്‍ക്കങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരും.
ഇതിന് പുറമെ യുഎഇയില്‍ നിലവിലുള്ള മറ്റെതെങ്കിലും വ്യക്തി നിയമമാണ് തന്റെ കാര്യത്തില്‍ പാലിക്കപ്പെടേണ്ടതെന്ന് രാജ്യത്ത് താമസിക്കുന്ന മുസ്‍ലിം ഇതര വിഭാഗത്തില്‍പെട്ട ഒരാള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അതും സാധ്യമാവുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയുടെ സ്വപ്‍നങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ നീതിന്യായ - നിയമ മേഖലകളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്കായുള്ള ഈ പുതിയ വ്യക്തി നിയമവും പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷവും നിരവധി നിയമ ഭേദഗതികള്‍ സിവില്‍ - ക്രിമനല്‍ നിയമ സംഹിതകളില്‍ യുഎഇ കൊണ്ടുവന്നിരുന്നു.