വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്, ഇന്ത്യ - യു എ ഇ വിമാന റൂട്ട് ലോകതലത്തിൽ ശ്രദ്ധ നേടുന്നു
യു എ ഇ : അവധിക്കാലം ആഘോഷിക്കാനായി വിദേശങ്ങളിലേക്ക് പറന്ന വിമാന റൂട്ടുകളിൽ ഇന്ത്യ - യു എ ഇ വിമാനറൂട്ടിന് പത്താം സ്ഥാനം. വടക്കേ അമേരിക്കയിലെ എയർ ബുക്കിങ് കമ്പനിയായ സാബർ കോർപ്പറേഷൻ പുറത്തിറക്കിയ കണക്കിലാണ് ഈ നേട്ടം. യു.എസ്-മെക്സിക്കോ സെക്ടറിനാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.
ഈ വർഷം ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വന്ന ഇടം കൂടിയാണ് യു എ ഇ. വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഗ്ലോബൽ വില്ലജ് അടക്കം യു എ ഇ നടപ്പിലാക്കുന്ന വിനോദ മേഖലയിലെ വൈവിധ്യങ്ങളും , രാജ്യം നൽകുന്ന വ്യക്തി സ്വാതന്ത്രവുമാണ് യു എ ഇ യിലേക്ക് ആളുകൾ ലോകതലത്തിലും, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നെല്ലാം ആളുകൾ കൂടുതൽ എത്തുന്നതിന്റെ കാരണം. ഈ ഉത്സവ സീസണിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയാണ് വളരെ ജനപ്രിയ ഇടമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഇന്ത്യയിൽനിന്ന് 6.8 ദശലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്.
ഉത്സവ സീസണിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെയും, പ്രത്യേകിച്ച് കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ് . ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 1.24 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് എമിറേറ്റ് സന്ദർശിച്ചിരിക്കുന്നത്. മറ്റുള്ള എല്ലാ വിദേശ പൗരന്മാരെക്കാളും ഏറ്റവും ഉയർന്ന കണക്കാണിത്.