നൂതന കാലഘട്ടത്തോട് പൊരുതാൻ പുതിയ വിദ്യാഭ്യാസ രീതിവേണമെന്ന് അഭിപ്രായപ്പെട്ട് യു എ ഇ യിലെ മാതാപിതാക്കൾ
യു എ ഇ : നൂതന കാലഘട്ടത്തോട് പൊരുതാൻ നിലവിലെ വിദ്യാഭ്യാസ രീതിയെ പൊളിച്ചെഴുതണമെന്ന് അഭിപ്രായപ്പെട്ട് യു എ ഇ യിലെ മാതാപിതാക്കൾ. ഭാവി വാഗ്ദാനംചെയ്യുന്ന പുതിയ സാങ്കേതിക ജോലികളിലേക്ക് എത്തിപ്പെടുന്നതിന് നിലവിലെ വിദ്യാഭ്യാസ രീതിയെ പൊളിച്ചെഴുതണമെന്നും പുതിയ രീതികൾ കണ്ടെത്തണമെന്നും 89% മാതാപിതാക്കൾ അഭിപ്രായപ്പെട്ടതായി പുതിയ സർവേയിൽ കണ്ടെത്തി. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്‍സ് എന്നീ വിഷയങ്ങളാണ് സ്കൂളുകൾ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ഒരു കൂട്ടം മാതാപിതാക്കൾ പറഞ്ഞു. യു എ ഇ ക്യാംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈ ഓൺലൈൻ സ്കൂളിംങ്ങ് നടത്തിയ സർവേയിലാണ് ഭൂരിഭാഗം മാതാപിതാക്കളും ഇങ്ങനെ അഭിപ്രായപെട്ടത്.വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ആവശ്യകതയെയും, മാതാപിതാക്കളുടെ മാറുന്ന വിദ്യാഭ്യാസ മോഹങ്ങളെയും കുറിച്ച് ഉൾക്കാഴ്‌ച നേടുന്നതിനായി യുഎഇയിലെ 500 രക്ഷിതാക്കളിലാണ് വോട്ടെടുപ്പ് നടത്തിയത്.
ബ്രിട്ടീഷ് പാഠ്യ പദ്ധതി പിൻതുടരുന്ന യു എ ഇ യിലെ ആദ്യത്തെ ഓൺലൈൻ വിദ്യഭ്യാസ സ്ഥാപനമാണ് മൈ ഓൺലൈൻ സ്കൂളിംങ്ങ്. കുട്ടികളുടെ മാനസികാരോഗ്യം, ഹൈബ്രിഡ് പഠന രീതി, പഠ്യേതര വിഷയങ്ങൾ,സ്കൂൾ ഫീസുകൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം ക്ലാസ് മുറികളുടെ അന്തരീക്ഷം, സിലബസും രൂപപ്പെടുത്തേണ്ടത് എന്നായിരുന്നു മാതാപിതാക്കളുടെ അഭിപ്രായം. മാതാപിതാക്കളുടെ ജോലിസമയങ്ങളുമായി ഒത്തുപോകാൻ കഴിയുന്ന മുഖാ മുഖം കണ്ടുകൊണ്ടുള്ള ഓൺലൈൻ വിദ്യാഭ്യാസ രീതി അഥവാ ഹൈബ്രിഡ് വിദ്യഭ്യാസ രീതിയെ നിരവധി മാതാപിതാക്കൾ പിന്തുണച്ചു.അതേസമയം കലാകായിക രംഗങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ പ്രധാന്യം നൽകണമെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. . ക്ലാസ്മുറികൾ കുട്ടികൾക്ക് മാനസികാരോഗ്യവും സന്തോഷവും നൽകുന്ന രീതികളിലേക്ക് മാറണമെന്ന് ഒരു കൂട്ടം മാതാ പിതാക്കൾ അഭിപ്രായപ്പെട്ടപ്പോൾ,ആത്മവിശ്വാസവും, അനുതാപവും വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കാൻ സാധിക്കണമെന്ന് മറ്റൊരു കൂട്ടം അഭിപ്രായപ്പെട്ടു.