മെസ്സിയുടെ വിജയം കാണാൻ കേരളത്തിൽ നിന്നും ഖത്തറിലേക്ക് ഒറ്റയ്ക്ക് പുറപ്പെട്ട നാജി നൗഷി യു എ ഇ യിലെത്തി
യു എ ഇ : മെസ്സി ഗോളടിക്കുന്നത് കാണണമെന്ന ആഗ്രഹവുമായി ഖത്തറിലേക്ക് സ്വന്തം വാഹനത്തിൽ പുറപ്പെട്ട മലയാളി യുവതി നാജി നൗഷി ദുബായിലെത്തി.അഞ്ചു കുട്ടികളുടെ അമ്മയായ നാജി നൗഷി മെസ്സിയുടെ കടുത്ത ആരാധികയാണ്. കഴിഞ്ഞ ഒക്ടോബർ 15ന് കേരളത്തിൽ നിന്നും യാത്ര തിരിച്ച നാജി നൗഷിയ ഒമാൻ വഴിയാണ് ഹത്താ ബോർഡറിലൂടെ ഇന്നലെ വൈകിട്ട് ഇവിടെ എത്തിയത്. ഇന്ന് അർജൻറീനയുടെ കളി കാണാൻ ഖത്തറിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിലേക്ക് റോഡ് മാർഗ്ഗം യാത്ര തിരിക്കുന്നത്. അർജൻറീനയുടെ നായകൻ മെസ്സിയുടെ ആരാധികയാണ് താനെന്നും അർജൻറീന ലോകകപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് താനെന്നും നൗഷി പറയുന്നു.
ഒമാനിൽ കുടുംബമായി ജീവിക്കുന്ന നാജി നാട്ടിലെ സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് ഖത്തർ ലോകകപ്പ് കാണണമെന്ന ആഗ്രഹം ഉണ്ടായത്. ഭർത്താവും കുടുംബവും ഒപ്പം നിന്നതോടെ ഒറ്റയ്ക്ക് യാത്ര തുടരാൻ തീരുമാനമെടുക്കുകയായിരുന്നു. 2നും 14 നും ഇടയിൽ പ്രായമുള്ള 5 കുട്ടികളുടെ അമ്മയായ നാജിയുടെ തീരുമാനത്തിന് നാട് കൂടി പ്രോത്സാഹനം നൽകുകയായിരുന്നു. ഒക്ടോബർ 15 നു മുംബൈയിൽ നിന്നും നാജിയുടെ കാർ ഒമാനിലേക്ക് കടൽമാർഗം കയറ്റുമ്പോഴായിരുന്നു ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത്. കേരള വാഹനം ഷിപ്പ്മെന്റ് ചെയ്യാൻ സാധിക്കില്ലെന്ന് എല്ലാ ഷിപ്പിംഗ് കമ്പനികളും പറഞ്ഞതിനെത്തുടർന്ന് ഒമാനിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. തന്റെ യാത്രയെക്കുറിച്ച് താല്പര്യം തോന്നിയ അവർ എല്ലാ സൗകര്യങ്ങളും വേഗത്തിലാക്കുകയായിരുന്നു. ഓമനിലേക് ഷിപ്പ്മെന്റ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ വാഹനവും നാജി നൗഷിയുടേത് തന്നെ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചിത്രമെടുക്കണമെന്ന ആഗ്രഹവും പൂർത്തീകരിച്ചാണ് നാജി ദുബായിൽ നിന്നും യാത്രതിരിക്കുന്നത്. ജി സി സി രാജ്യങ്ങൾ കൂടി സന്ദർശിച്ച ശേഷമായിരിക്കും ഖത്തറിലേക്ക് എത്തുക. യാത്രകളിൽ ഉടനീളം സ്‌പോൺസർഷിപ്പ് അന്വേഷിച്ചിരുന്നുവെങ്കിലും പെണ്ണായതിന്റെ പേരിൽ നിഷേധിച്ച പല അനുഭവങ്ങളും നേരിടേണ്ടി വന്നു നാജിക്ക്, എങ്കിലും ഇതിനൊന്നും തന്നെ തളർത്താൻ സാധിക്കില്ലെന്ന് ലോകത്തെ കാണിച്ചുകൊണ്ട് സധൈര്യം മുന്നേറുകയാണ് ഈ വീട്ടമ്മ.