യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ മഴ
യു എ ഇ : കരാമ, ഷാർജ, ഫുജൈറ ഉൾപ്പെടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വിവിധ സമയങ്ങളിലായി മഴ പെയ്തു . ജനങ്ങൾ പുറത്തിറങ്ങി മഴ ആസ്വദിക്കുകയും ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഖോർഫക്കാനടക്കമുള്ള കിഴക്കൻ തീരത്തായിരുന്നു ഇന്ന് രാവിലെ ആറരയോടെ മഴ പെയ്തത്. യു എ ഇ യുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ റിപ്പോർട്ട് ഉണ്ടയായിരുന്നു.
മിർബഹ്, റാഫിസ ഡാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇവിടെ റോഡുകളിലെല്ലാം മഴവെള്ളം കെട്ടിനിന്ന് ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു. ഇക്കൊല്ലം തണുപ്പുകാലത്തെ ആദ്യത്തെ മഴയാണ് ഇത്. പുറത്ത് പോകുന്നവർ ജാഗ്രത പാലിക്കാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി. ഇവിടങ്ങളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ വടക്കോട്ട് താപനിലയിൽ വർധനവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പം വർധിക്കും, ചില ഉൾ പ്രദേശങ്ങളിൽ 80 മുതൽ 85 ശതമാനം വരെ ഈർപ്പം ഉയരും. രാജ്യത്ത് ഇന്ന് കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 25-30 ഡിഗ്രി സെൽഷ്യസായിരിക്കും. ഉൾനാടുകളിൽ ഉയർന്ന താപനില 28-32 ഡിഗ്രി സെൽഷ്യസും, പർവതപ്രദേശങ്ങളിൽ 18-24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു.