ലോകത്ത് ഏറ്റവും കൂടുതൽ വൃക്ക രോഗികൾ യു എ യിൽ എന്ന് റിപ്പോർട്ടുകൾ
അബുദാബി : യുഎഇയിൽ അഞ്ചിൽ ഒരാൾക്ക് വൃക്ക രോഗം പിടിപെടുന്നതായി റിപ്പോർട്ട്. 2 വർഷത്തിനിടെ 4 ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പഠനത്തിലാണ് വൃക്കരോഗം അപകടകരമായ നിലയിലേക്കു ഉയർന്നതായി കണ്ടെത്തിയത്.ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ യു എ യിൽ വൃക്ക രോഗ നിരക്ക് കൂടുതലാണ്.
അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹ 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ നടത്തിയ രക്ത പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധിച്ച 19.1% പേരുടെ വൃക്ക രോഗം രണ്ടാം സ്റ്റേജിലേക്കു കടന്നു. 2.8% ആളുകൾ മൂന്നാം സ്റ്റേജിലും 0.5% പേർ നാലാം സ്റ്റേജിലും 0.4% പേർ അഞ്ചാം സ്റ്റേജിലുമാണെന്നത് വൃക്ക രോഗ വ്യാപനത്തിന്റെ ഉയർന്ന തോത് ചൂണ്ടിക്കാട്ടുന്നു.
അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗികൾ അർബുദത്തെക്കാൾ മോശമായ അവസ്ഥയിലായിരിക്കും. ഇക്കാര്യം മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ല. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ വൃക്കരോഗം കൂടുതൽ വഷളാകും . 1 മുതൽ 3 വരെയുള്ള ആദ്യഘട്ടങ്ങളിൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമെങ്കിലും അവയ്ക്ക് രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കാനാകും. 4 മുതൽ 5 വരെയുള്ള അവസാന ഘട്ടങ്ങളിൽ വൃക്കകൾ അതികഠിനമായി പ്രവർത്തിച്ചാലേ രക്തം ശുദ്ധീകരിക്കാൻ സാധിക്കൂ.ഈ ഘട്ടത്തിൽ വൃക്കയുടെ കഠിന ജോലി മൂലം പ്രവർത്തനം പൂർണമായും നിലച്ചേക്കാമെന്നു പ്രഫ. സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യുഎഇയിൽ വൃക്ക രോഗ നിരക്ക് കൂടുതലാണെന്നും സൂചിപ്പിച്ചു. അമിത ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും മൂലം പ്രമേഹവും രക്തസമ്മർദവും കൂടിവരുന്നതുമെല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുന്നതായി ഡോക്ടർമാർ സൂചിപ്പിച്ചു.
വൃക്ക രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണക്രമം : കാർബോഹൈഡ്രേറ്റും ഉപ്പും നിറഞ്ഞ ഭക്ഷണം പ്രമേഹവും രക്തസമ്മർദവും പൊണ്ണത്തടിയും ഉണ്ടാക്കും. ഇതു വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും
* 40 വയസ്സു കഴിഞ്ഞവർ വർഷത്തിലൊരിക്കൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം.
* പ്രമേഹവും രക്തസമ്മർദവും ഉള്ളവർ നിർബന്ധമായും പരിശോധനയ്ക്കു വിധേയമാകണം.
* വേദന സംഹാരികൾ അധികം കഴിക്കരുത്
* ബ്രൂഫെൻ പോലുള്ള വേദന സംഹാരിയുടെ അമിത ഉപയോഗം വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കും (ഡോക്ടറുടെ നിർദേശമല്ലാതെ ഇവ കഴിക്കരുത്).
* വിവിധ രോഗങ്ങൾക്കായി എഴുതിത്തരുന്ന മരുന്നുകൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന കാര്യം ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ചോദിച്ചു മനസിലാക്കേണ്ടത്
അനിവാര്യം