Begin typing your search...

കാഴ്ചയില്ലായ്മയെ വെല്ലുവിളിച്ചുകൊണ്ട് പുസ്തകങ്ങളുടെ തോഴി ഇത്തവണയും ഷാർജ പുസ്തകമേളയിൽ ; ഇത്തവണ സ്വന്തം കൃതിയുമായി

കാഴ്ചയില്ലായ്മയെ വെല്ലുവിളിച്ചുകൊണ്ട് പുസ്തകങ്ങളുടെ തോഴി ഇത്തവണയും ഷാർജ പുസ്തകമേളയിൽ ; ഇത്തവണ സ്വന്തം കൃതിയുമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാർജ : കാഴ്ചയില്ലെങ്കിലും,പുസ്‌തകങ്ങളുടെ തോഴിയായ് മാറിയ ഷാർജ പുസ്തകമേളയിലെ സ്ഥിരം സാന്നിധ്യം ഇന്ദുലേഖ ഇത്തവണയും എത്തി. എന്നാൽ ഇക്കുറി എത്തുന്നത് സ്വന്തം പുസ്തകവുമായി എന്ന പ്രത്യേകതയുമുണ്ട്. യാത്രാവിലക്ക് അറിയാതെ പുസ്തകമേളയിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിൽ വന്നതിനെത്തുടർന്ന് ജയിലിൽ കഴിയേണ്ടി വന്ന 5 ദിവസങ്ങളടക്കം ബാല്യകാല സ്മരണകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ പുസ്തകവുമായാണ് ഇന്ദുലേഖ എത്തിയിരിക്കുന്നത്.

ദുബായ് മുഹൈസിന നാലിൽ താമസിക്കുന്ന കണ്ണൂർ അരോളി സ്വദേശിയായ ഇന്ദുലേഖയാണ് കണ്ണിന് ജന്മനാ കാഴ്ചയില്ലെങ്കിലും പുസ്തകങ്ങളെയും വായനയെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നത്. പുസ്തകമേളയുടെ ഗന്ധം തന്നെ എഴുതാനും സാഹിത്യരചനകൾ കേൾക്കാനും ഏറെ പ്രചോദനം നൽകുന്നതായി അവർ പറയുന്നു.ബ്ലൈൻഡ് സ്കൂളിൽ പഠിക്കാത്തതിനാൽ ചെറുപ്പത്തിലേ ഏറെ പ്രശ്നങ്ങൾ നേരിട്ടയാളാണ് ഇന്ദുലേഖ. എങ്കിലും അന്നേ മറ്റുള്ളവരുടെ സഹായത്തോടെ ചെറുതായി കഥകളൊക്കെ എഴുതമായിരുന്നു. സമ്മാനവും നേടി. പിന്നീട് വായനയിലായിരുന്നു ശ്രദ്ധിച്ചത്. പര സഹായത്തോടെ മികച്ച പുസ്തകങ്ങൾ പലതും വായിച്ചു. പിന്നീട് പുസ്തകങ്ങൾ ഒാഡിയോ ആയും ഇ–ബുക്കായും പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ അതു സംഘടിപ്പിച്ചും സാഹിത്യം നുകർന്നു. ഇപ്പോഴും ഒാഡിയോ എവിടെയുണ്ടെങ്കിലും അത് കണ്ടെത്തി സ്വന്തമാക്കാൻ ശ്രമിക്കുന്നു.

മറ്റൊരാളുടെ സഹായത്തോടെ കഥ മുഴുവൻ പറഞ്ഞുകൊടുത്താണ് ഇന്ദുലേഖ തന്റെ പുസ്തകം യാഥാർഥ്യമാക്കിയത്. ഒാർക്കാനിഷ്ടപ്പെടുന്ന ഒാർമകൾ എന്ന പുസ്തകം തന്റെ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്ന് ഇവർ പറയുന്നു. യാത്രാ വിലക്ക് ഉള്ളതറിയാതെ 2016ല്‍ നാട്ടിലേക്ക് പോകുമ്പോൾ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചുവയ്ക്കുകയും അഞ്ച് ദിവസം ഷാർജ ജയിലിൽ കഴിയേണ്ടിവരികയും ചെയ്തു. അവിടെ നിന്നുള്ള അനുഭവങ്ങളാണ് പുസ്തകത്തിലെ കഥകൾ. കൂടാതെ, മറ്റു കഥകളും ചെറുപ്പത്തിലെ ഒാർമകളും അടങ്ങിയ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇൗ മാസം ഏഴിന് വൈകിട്ട് 7.30ന് പ്രകാശനം ചെയ്യും. തന്റെ സർഗാത്മക ജീവിതത്തിൽ ഏറ്റവും പിന്തുണ നൽകുന്ന ദുബായിൽ ബിസിനസുകാരനായ ഭർത്താവ് മുരളീധരനാണ് ഇന്ദുലേഖയെ എല്ലാ ദിവസവും മേളയിലേയ്ക്ക് കൊണ്ടുവരുന്നതും കൈ പിടിച്ച് നടത്തിക്കുന്നതും.

Anandakrishnan Rajeev
Next Story
Share it