ചരിത്രം ഈ ജൂത വിവാഹം : ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് യു എ ഇ
സഹിഷ്ണുതക്ക് ഏറെ പ്രാധാന്യം നൽകുന്ന യു എ യുടെ മണ്ണിൽ ജീവിക്കാനിഷ്ടപ്പെടുന്ന ജൂത ദമ്പതികൾ ഏഴു ദിവസം നീണ്ട ചടങ്ങുകളോടെ വിവാഹിതരായി. ഏഴു ഭൂഖണ്ഡങ്ങളെ സാക്ഷിയാക്കി, ഏഴു പ്രാർത്ഥനകൾ ചൊല്ലി, ഏഴു തവണ വലം വച്ചുകൊണ്ട് ജൂത ആചാരപ്രകാരമാണ് വധൂവരന്മാർ വിവാഹിതരായത്.
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹമായിരുന്നു അത്. 1500ൽ അധികം അതിഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള പുരോഹിതർ, വിവിധ ഭാഷക്കാർ, വിവിധ സംസ്കാരങ്ങൾ എല്ലാം സമന്വയിച്ച വേദിയിലായിരുന്നു വിവാഹം.
വിദേശത്തു നിന്ന് എത്തിയ പുരോഹിതരും യുഎഇയിലെ ജൂത സമുദായ നേതാക്കളും പ്രാർഥനയ്ക്കു നേതൃത്വം നൽകി. അറബിക് ഭാഷയിലും പ്രാർഥനകളുണ്ടായിരുന്നു.
പാരമ്പര്യമനുസരിച്ചു വിവാഹത്തിന് ഒരാഴ്ച മുൻപ് വരനും വധുവും അകന്നു താമസിച്ചു. ഈ സമയം പരസ്പരം കാണാനോ സംസാരിക്കാനോ പാടില്ല. ഇതിനു ശേഷമാണു വിവാഹ വേദിയിലേക്കു വധൂവരന്മാർ എത്തുക. 15 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെ പേർ പങ്കെടുത്തു. ജപ്പാൻ, ദക്ഷിണ കൊറിയ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 20 വിശിഷ്ടാതിഥികളും പങ്കെടുത്തു.
മനുഷ്യത്വത്തെ പിന്തുണയ്ക്കുന്ന എല്ലാ സമൂഹങ്ങളെയും ചേർത്തു നിർത്തുന്ന ദമ്പതികളാകാനാണ് ആഗ്രഹമെന്നും 8 വർഷമായി യുഎഇയിൽ ജൂത സമൂഹത്തിനു നേതൃത്വം നൽകുന്ന റബ്ബി ലെവി ഡച്ച്മാൻ പറഞ്ഞു. മൊറോക്കോയിൽ ജനിച്ചുവളർന്ന അറേബ്യൻ പാരമ്പര്യത്തോട് അടുത്തുനിൽക്കുന്ന ലീ ഹദാദിനും ഇവിടെ തുടരാനാണിഷ്ടം.