വൈറലാകാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ പോലീസ് സ്‌റ്റേഷനിലായി..!

സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ആളുകള്‍ എന്തും കാണിക്കുന്ന കാലമാണിത്. ഇത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോ ആണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ദിനംപ്രതി പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വീഡിയോയ്ക്ക് വലിയ കാഴ്ചക്കാരുണ്ടെന്നതും ഇത്തരക്കാര്‍ക്ക് ആയിരക്കണക്കിന് ആരാധകര്‍ ഉണ്ടെന്നതും കൗതുകകരമായ കാര്യമാണ്.
കഴിഞ്ഞദിവസം, റെയില്‍വേ പാളത്തിലൂടെ പാട്ടിനൊത്ത് ചുവടുവച്ച അമ്മയെയും മകളെയെയും പോലീസ് പിടികൂടിയിരുന്നു. വൈറലാകാന്‍ ശ്രമിച്ച സ്ത്രീകള്‍ അവസാനം പോലീസ് സ്‌റ്റേഷനിലായി. ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. അതുമാത്രമല്ല, അമ്പതിനായിരത്തോളം ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്! കര്‍ണാടകയില്‍ കഴിഞ്ഞദിവസം വൈറലാകാന്‍ ശ്രമിച്ച യുവാവും അവസാനം എത്തിയത് പോലീസ് സ്‌റ്റേഷനില്‍. പാലത്തില്‍ നിന്ന് കവിഞ്ഞൊഴുകുന്ന തുംഗ നദിയിലേക്കു യുവാവു ചാടുകയായിരുന്നു. ഷിമോഗയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പാലത്തിന്റെ തടയണയുടെ മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് അതിവേഗം ഒഴുകുന്ന വെള്ളത്തില്‍ നീന്തി റെയില്‍വേ പാലത്തിലെത്തി. അവിടെനിന്ന് യുവാവ് വീണ്ടും ചാടി വെള്ളത്തിന്റെ ഒഴുക്കിനെതിരെ നീന്തുകയും കരയിലേക്ക് കയറുകയും ചെയ്തു. യുവാവു പുഴയിലേക്കു ചാടുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടെ സ്‌റ്റേഷന്‍ പോലീസ് രാജീവ് ഗാന്ധി ബാരങ്കേയില്‍ താമസിക്കുന്ന ഗംഗപ്പയെ അറസ്റ്റ് ചെയ്തു. ഒറ്റച്ചാട്ടത്തിന് വൈറലായി പക്ഷേ, ഇനിയെത്ര ചാട്ടം ചാടിയാലാണ് കേസില്‍ നിന്ന് ഊരിപ്പോകാനാകുക..!