37 ഡിഗ്രി സെൽഷ്യസിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ
37 ഡിഗ്രി സെൽഷ്യസിൽ പൊള്ളുകയാണ് അമേരിക്കയിലെ വാഷിങ്ടൺ ഡി.സി. കടുത്ത ചൂട് താങ്ങാനാകാതെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ വരെ ഉരുകിയൊലിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധക്കാലത്തെ അഭയാർഥിക്യാമ്പായിരുന്ന ക്യാമ്പ് ബാർക്കറിന് മുന്നിലാണ് ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ സ്ഥാപിച്ച ഈ പ്രതിമയുടെ തലയാണ് ആദ്യം ഉരുകിയത്. പിന്നാലെ കാലുകളും ഉരുകി. കൾച്ചറൽ ഡി.സി. എന്ന സന്നദ്ധസംഘടനയാണ് മെഴുകിനൊപ്പം മെഴുകുതിരികളും ചേരുന്ന പ്രതിമ ക്യാമ്പിനുമുന്നിൽ സ്ഥാപിച്ചത്.
പ്രതിമ കാലക്രമേണ മെഴുകുതിരി പോലെ ഉരുകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഇത്രയും കടുത്ത ചൂട് കാരണം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഈ പ്രക്രിയ നടന്നതെന്ന് കൾച്ചറൽ ഡി.സി. പറയ്യുന്നു. ദി വാക്‌സ് മോണ്യുമെന്റ്‌സ് എന്ന പരമ്പരയുടെ ഭാഗമായി സാൻഡി വില്യംസാണ് പ്രതിമയുണ്ടാക്കിയത്. അറ്റകുറ്റപ്പണിനടത്തി ലിങ്കണെ നേരെയാക്കാനുള്ള ശ്രമം നടക്കുകയാണ് ഇപ്പോൾ.