ജീവികളെ ആകർഷിക്കാൻ ദുർഗന്ധം വമിക്കും; ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുല, സുമാത്രൻ ടൈറ്റൻ ആരം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുലയായ സുമാത്രൻ ടൈറ്റൻ ആരം ലണ്ടനിലെ കീ ഗാർഡൻസിൽ വിരിഞ്ഞു. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. ഇതിന് ആയുസ് വളരെക്കുറവാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ഈ പൂങ്കുല കൊഴിഞ്ഞുണങ്ങി നശിക്കും. ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ ഇത് കാണപ്പെടുന്നത്. ഈ പൂങ്കുലയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ ഗന്ധമാണ്, അഴുകിയ മാംസത്തിന്റേത് പോലെയുള്ള ദുർഗന്ധമാണിതിന്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പൂവായ സുമാത്രയിൽ തന്നെയുള്ള റഫ്ലേഷ്യയുമായി പലപ്പോഴും ഇതിനെ ഉപമിക്കാറുണ്ട്.
റഫ്ലേഷ്യയെപ്പോലെ തന്നെ പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാനാണ് ഈ പൂങ്കുല ദുർഗന്ധം വമിപ്പിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിനായി രാസവസ്തുവായ ഡൈമീഥൈൽ ട്രൈ സൾഫൈഡാണ് ഇത് പുറന്തള്ളുന്നത്. മാംസഭോജികളായ ചില വെട്ടിലുകൾ, ഈച്ചകൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനമായി പരാഗണം നടത്തുന്നത്. ഏഴു വർഷത്തിന്റെ ഇടവേളയെടുത്താണ് ഈ പൂങ്കുല വിരിയുന്നത്. പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു നിറമുള്ള കായകൾ ഇതിൽ പിടിക്കും. ഈ കായ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളിൽ നിന്ന് ഇവയുടെ വിത്തുകൾ വീണ്ടും മണ്ണിലെത്തുകയും പുതിയ ചെടി വളരുകയും ചെയ്യും.