Begin typing your search...

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല': സുരേഷ് കുമാര്‍

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന്  100 കോടി നേടിയിട്ടില്ല: സുരേഷ് കുമാര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്മൃതി സന്ധ്യ'യില്‍ 'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.

''കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും നൂറ് കോടി ക്ലബില്‍ കയറിയിട്ടില്ല. 100 കോടി എന്ന് പറയുന്നത് അത് ഗ്രോസ് കളക്ഷനാണ്. അതില്‍ 25 ശതമാനം ടാക്‌സിലേക്ക് പോകും. 50-55 ശതമാനം എക്‌സിബിറ്റേഴ്‌സിന് പോകും. ബാക്കിയുള്ളതാണ് നിര്‍മാതാവിന് പോകുന്നത്. 80കളുടെ അവസാനത്തില്‍ വീഡിയോ കാസറ്റുകള്‍ ഇറങ്ങി. അന്നു മുതലാണ് പൈറസി ആരംഭിക്കുന്നത്. 1800 തിയേറ്ററുകളുണ്ടായിരുന്നു കേരളത്തില്‍ അങ്ങനെ പലതും പൂട്ടിപ്പോയി.

ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ കളറിലേക്കും പിന്നീട് ഡിജിറ്റലിലേക്കും വന്നു. ആ കാലഘട്ടം മുതല്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്‍പതുകളെല്ലാം സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പ്രേം നസീര്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍ എന്നിവരൊക്കെ സിനിമയിലുണ്ടായിരുന്നു. എഴുപതുകളുടെ അവസാനത്തിലാണ് ഭരതന്റെ തകര, കെ.ജി ജോര്‍ജ്ജിന്റെ ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങള്‍ വരുന്നത്. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. മുഖ്യധാര സിനിമകളില്‍ അവര്‍ക്ക് പ്രത്യേക ട്രാക്കുണ്ടാക്കാന്‍ സാധിച്ചു.

എന്‍പതുകളില്‍ സിനിമ എടുക്കുമ്പോള്‍ നമുക്ക് സിനിമ പരാജയപ്പെട്ടാലും ചെറിയ നഷ്ടമേ വരുള്ളൂ. അന്ന് ചെലവ് കുറവായിരുന്നു. പണ്ടൊക്കെ എല്ലാ അഭിനേതാക്കളും ഒരു വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇന്ന് ഓരോരുത്തര്‍ക്കും ഓരോ വണ്ടി പ്രത്യേകമായി വണ്ടി വേണം. അങ്ങനെ ഒത്തൊരുമയോടെ ചിത്രീകരിച്ച സിനിമകള്‍ വലിയ ഹിറ്റായി. ഇന്ന് കൈവിട്ട കളിയാണ് സിനിമയില്‍ നടക്കുന്നത്. തിയേറ്ററില്‍ നിന്ന് കിട്ടുന്ന പൈസ മാത്രമായിരുന്നു വരുമാനം. ഇന്ന് വലിയ ബിസിനസാണ് നടക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഈ ഒടിടി പ്രചാരത്തിലായതോടെ ഇന്ന് മുന്‍നിര താരങ്ങളെല്ലാം സിനിമ നിര്‍മിക്കുന്നു. കാരവാനെ ഒരുപാട് വിമര്‍ശിച്ചയാളാണ് ഞാന്‍. ഇന്ന് ഞാന്‍ അഭിനയിക്കുമ്പോള്‍ നേരേ കാരവാനിനടുത്ത് വണ്ടി നിര്‍ത്തി നമ്മളെ അതിലേക്ക് കയറ്റും. അന്നൊക്കെ എല്ലാവരും ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കും. സംസാരിക്കും. ഇന്ന് ആരും പരസ്പരം മിണ്ടുന്നതുപോലെ അല്ല. ഇന്ന് ഒരു പടം ഹിറ്റാകുമ്പോള്‍ പിന്നെ ആ താരം കോടികള്‍ ചോദിക്കുകയാണ്.

സമീപകാലത്ത് ഞാന്‍ നിര്‍മിച്ച വാശി എന്ന ചിത്രം തിയേറ്ററിലെ വരുമാനം വച്ചു നോക്കുമ്പോള്‍ വലിയ പരാജയമായിരുന്നു. 75 ലക്ഷം മാത്രമാണ് തിയേറ്ററില്‍ നിന്ന് കിട്ടിയത്. എന്നാല്‍ ആ സിനിമ വച്ച് എനിക്ക് 10-12 കോടിയുടെ ബിസിനസ് ചെയ്യാന്‍ പറ്റി. ഒടിടിയില്‍ വിറ്റ് ലാഭമാക്കാന്‍ സാധിച്ചു. അതുകൊണ്ടാണ് എനിക്കിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ നേരത്തേ പറഞ്ഞതുപോലെ എല്ലാ അഭിനേതാക്കളും സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയത്. ഇന്ന് 65 ശതമാനം മാത്രം അഭിനേതാക്കളുടെ പ്രതിഫലമാണ്. ബാക്കിയുള്ള പണം കൊണ്ടു വേണം തെലുങ്കിനെയും തമിഴിനെയും വെല്ലുവിളിച്ചുകൊണ്ട് സിനിമ പിടിക്കാന്‍''- സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളെ അനുകൂലിക്കാന്‍ സാധിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും നിരൂപണത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥ, സംവിധാനം, സാങ്കേതികത എന്നീ മേഖലകളില്‍ മലയാള സിനിമ മികച്ചു നിന്ന കാലഘട്ടമായിരുന്നു എണ്‍പതുകളെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ''ആ കാലഘട്ടത്തില്‍ രക്ഷപ്പെട്ട ഒരു വ്യക്തിയാണ് ഞാന്‍. 1981 ലാണ് ബാലചന്ദ്ര മേനോന്‍ എന്നെ വച്ച് മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമ ചെയ്യുന്നത്''- മണിയന്‍ പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എണ്‍പതുകളില്‍ മലയാളത്തില്‍ ഇറങ്ങിയതെന്നു കമല്‍ പറഞ്ഞു. ''ആ കാലത്തെ സംവിധായകരുടെ ചുവടുപിടിച്ചാണ് ഞങ്ങളൊക്കെ സിനിമയിലേക്ക് വന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എണ്‍പതുകള്‍. ഇന്ത്യന്‍ സിനിമയ്ക്ക് മാതൃകയായ പടയോട്ടം പോലെയുള്ള സിനിമകള്‍ ഉണ്ടായും അക്കാലത്താണ്. അതുപോലെ മികച്ച ഗാനങ്ങളും''- കമല്‍ കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it