സുനിത വില്യംസ് 2025 വരെ ബഹിരാകാശത്ത് തുടരേണ്ടിവരുമെന്ന് നാസ; സ്റ്റാർലൈനർ പണിമുടക്കിയാൽ സ്പേസ് എക്സ് പേടകം വരും
ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മറും അവിടെ കുടുങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസമാകുന്നു. പത്ത് ദിവസം നീണ്ട ദൗത്യത്തിനാണ് ഇരുവരും പോയത്, എന്നാൽ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകൾ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി. ഇനിയും തകരാർ തുടർന്നാൽ 2025 വരെ ഇവർ സപെയ്സ് സ്റ്റേഷനിൽ കഴിയേണ്ടിവരുമെന്നാണ് നാസ നൽകുന്ന സൂചന.
സ്റ്റാര്‍ലൈനര്‍ പേടകത്തിലെ മടക്കയാത്ര സുരക്ഷിതമല്ലെന്ന് കണ്ടാൽ 2025 ഫെബ്രുവരിയില്‍ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ഇരുവരെയും തിരിച്ചെത്തിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. അതേസമയം നാല് ബാഹിരാകാശ സഞ്ചാരികളെ ഐഎസ്എസിൽ എത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ-9 ദൗത്യ വിക്ഷേപണം നാസ സെപ്റ്റംബര്‍ 24 ലേക്ക് മാറ്റി. ദൗത്യം ഓഗസ്റ്റ് 18 ന് വിക്ഷേപിക്കാനായിരുന്നു പദ്ധതി. സ്റ്റാര്‍ലൈനര്‍ പേടകത്തെ നിലയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമേ ക്രൂ 9 പേടകത്തെ അയക്കാനാകൂ.