ലോകത്തിൽ ഏറ്റവും കൂടുതൽ പിരമിഡുള്ളത് ഈജിപ്തിലല്ല, അങ്ങ് സുഡാനിലാണ്; സുഡാനിലുള്ളത് 250 തിലധികം പിരമിഡുകൾ
ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഏതാണ്? ഈജിപ്ത് എന്നായിരിക്കുമല്ലെ മിക്കവരുടെയും ഉത്തരം. എന്നാൽ ഈജിപ്ത് അല്ല, സുഡാനാണ് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം. ഏതാണ്ട് 250 തിലധികം പിരമിഡുകളാണ് സുഡാനിലുള്ളത്. എന്നാൽ പിരമിഡുകൾക്ക് പ്രശ്സതമായ ഈജിപ്തിൽ 138 പിരമിഡുകളെ കണ്ടെത്തിയിട്ടുള്ളു. കുഷ് സാമ്രാജ്യത്തിന്റെ കാലത്താണ് സുഡാനിൽ പിരമിഡുകളുടെ നിർമാണം ആരംഭിക്കുന്നത്. നൈൽ നദിയുടെ തീരത്ത് 1070 ബിസി മുതൽ 350 എഡി വരെ നിലനിന്ന രാജവംശമാണിത്. ഈജിപ്തിലെന്നതുപോലെ സുഡാനിലും പിരമിഡുകൾ രാജകീയ ശവകുടീരങ്ങളാണ്.
തനതായ വാസ്തുവിദ്യാ ശൈലിയും ചരിത്രപരമായ പ്രാധാന്യവും ഈ നുബിയൻ മെറോ പിരമിഡുകള്‍ക്കുണ്ട്. പിരമിഡ് ഈജിപ്ത് സംസ്കാരത്തിന്റെ ഭാഗമായതിന് 500 വർഷങ്ങൾക്കു ശേഷമാണ് കുഷ് രാജവംശം പിരമിഡുകൾ പണിയാൻ ആരംഭിച്ചത്. എണ്ണത്തിൽ സുഡാൻ മുൻപന്തിയിലാണെങ്കിലും ഉയരത്തിൽ ഈജിപ്ഷ്യൻ പിരമിഡുകളാണ് മുന്നിൽ. 6 മുതൽ 30 മീറ്റർ വരെയാണ് സുഡാനിലെ പിരമിഡുകളുടെ ഉയരം. എന്നാൽ ഈജിപ്തിലെ പിരമിഡുകളുടെ ശരാശരി ഉയരം 138 മീറ്ററാണ്. വലുപ്പത്തിലും നിർമാണ വൈദഗ്ധ്യത്തിലുമെല്ലാമുള്ള മികവാണ് ഈജിപ്ഷ്യൻ പിരമിഡുകളെ പ്രശസ്തമാക്കിയത്.