'ഇഷ്ടമുള്ള ഒരു ജോലി ചെയ്ത്, അതു കാണുന്ന ആളുകൾക്കും ഇഷ്ടപ്പെടുക എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്': ശ്രീനാഥ് ഭാസി
വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരുന്ന സമയത്താണ് ‘മഞ്ഞുമ്മൽ ബോയ്സി’ലെ സുഭാഷ് തന്നെത്തേടി എത്തിയതെന്ന് നടൻ ശ്രീനാഥ് ഭാസി. ഒരു സിനിമയിലേക്കു നായക വേഷത്തിൽ പരിഗണിച്ചിട്ട്, ‘‘നിന്റെ അഭിനയം കൊള്ളില്ല’’ എന്ന് മുഖത്ത് നോക്കി പറഞ്ഞ സിനിമാ പ്രവർത്തകർ ഉണ്ടെന്ന് ഭാസി പറയുന്നു.
താൻ അഭിനയിച്ച കഥാപത്രമായ സുഭാഷിനെ നേരിൽ കണ്ടപ്പോൾ അപകടത്തെക്കുറിച്ചൊന്നും ചോദിക്കല്ലേ എന്റെ ഇന്നത്തെ ഉറക്കം നഷ്ടമാകും എന്നാണ് പറഞ്ഞതെന്നും സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ സിനിമ തനിക്കും പുതുജന്മം തന്നെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. രേഖ മേനോന്റെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ശ്രീനാഥ് ഭാസി രംഗത്തുവന്നത്.
‘‘മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ സംഭവിച്ചതിലും അതു പ്രേക്ഷകർ ഏറ്റെടുത്തതിലും ഒരുപാട് സന്തോഷമുണ്ട്. നമുക്ക് ഇഷ്ടമുള്ള ഒരു ജോലി ചെയ്ത്, അതു കാണുന്ന ആളുകൾക്കും ഇഷ്ടപ്പെടുക എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഞാൻ വ്യക്തിപരമായും ജോലി സംബന്ധമായും ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന സമയത്താണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം എന്നെത്തേടി എത്തിയത്. ജീവിതം വല്ലാതെ നിശ്ചലാവസ്ഥയിൽ കടന്നുപോകുമ്പോഴാണ് സുഭാഷ് എന്ന കഥാപാത്രം എന്റടുത്തു വന്നത്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.
ആ സമയത്ത് ഞാൻ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ എന്നെ അവർ ആ സിനിമയിൽ നിന്ന് മാറ്റിയിരുന്നു. നായകവേഷമായിരുന്നു. ഇത്രയും പൈസവച്ച് ഇറക്കുന്നൊരു പടം എന്നെ വച്ച് ചെയ്യണോ, അവന്റെ അഭിനയം കൊള്ളില്ല എന്നൊക്കെ എന്റടുത്ത് വന്നു പറഞ്ഞു. സംവിധായകനും ആ ക്രൂവിലുള്ള മുഴുവൻ ആളുകളും റൂമിലെത്തിയാണ് ഇതൊക്കെ എന്നോടു വന്നു പറഞ്ഞത്.
എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല, എന്റെ അഭിനയത്തിന് കുഴപ്പമുണ്ടോ? എനിക്കു കുഴപ്പങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി. ഇനി ഫോണിൽ അധികം സമയം ചെലവഴിക്കാതെ ഇരിക്കണോ? അധികം വർത്തമാനം പറയാത്തതാണോ പ്രശ്നം, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ചു. എന്തായാലും ആ സിനിമ പോയത് നന്നായി എന്നു തന്നെ കരുതി. അതു പിന്നീട് എന്റെ സുഹൃത്ത് തന്നെയാണ് ചെയ്തത് അതിൽ എനിക്കു സന്തോഷമേ ഉള്ളൂ.
പക്ഷേ എനിക്ക് അഭിനയം അറിയില്ല എന്ന് പറഞ്ഞതാണ് എന്നെ വിഷമിപ്പിച്ചത്. ഞാൻ വല്ലാത്ത വിഷമഘട്ടത്തിൽ കൂടിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എന്നെപ്പറ്റിയുള്ള ചില വിഡിയോകൾ ആളുകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ചിലർ ഒരു വർഷം അതെല്ലാം കണ്ട് കമന്റ് പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ അതെല്ലാം എനിക്ക് ഒരു ദിവസം സംഭവിച്ചതാണ്. ഞാൻ കരഞ്ഞ് ക്ഷമ പറഞ്ഞിട്ടും, അതു കണ്ട്, ‘‘ആഹാ അവന്റെ അഭിനയം കൊള്ളാമല്ലോ’’ എന്നാണ് ചിലർ പറഞ്ഞത്. അപ്പോഴെനിക്ക് മനസ്സിലായി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞാൻ എന്താണെന്ന് എന്റെ ജോലിയിലൂടെ തന്നെ തെളിയിക്കണം. ഇവരെല്ലാം എന്നെ ഒരു നടൻ എന്ന നിലയിലാണ് ഇഷ്ടപ്പെട്ടുകൊണ്ടിരുന്നത്.
ആ സമയത്ത് എന്റെ സുഹൃത്തുക്കളായ ഗണപതി, ചിദംബരം, സൗബിൻ തുടങ്ങിയവരുമായി ഒരു സിനിമ ചെയ്യുക എന്നത് ഒരു തെറാപ്പി പോലെ ആയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്റെ അവസ്ഥയും മോശമായിരുന്നു. ആ സിനിമയിൽ നടന്നതുപോലെ തന്നെ എന്റെ സുഹൃത്തുക്കളായ അവർ തന്നെയാണ് എന്നെ സംരക്ഷിച്ചത്. ഈ പടം ചെയ്തതുകൊണ്ടാണ് എന്റെ വിഷമഘട്ടത്തിൽ നിന്ന് എനിക്ക് പുറത്തുവരാൻ കഴിഞ്ഞത്.
സിനിമയിൽ ഞാൻ നടന്നുവരുന്ന ഒരു ചുവന്ന വെളിച്ചമുള്ള സ്ഥലം യഥാർഥ ഗുഹ തന്നെ ആയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ജുറാസിക് പാർക്ക് കണ്ടത് പോലെയാണ് തോന്നിയത്. എന്റെ കൂടെ അഭിനയിച്ച അഭിരാമിന് ഉയരം പേടി ഉള്ളതാണ്. ആ സീനിൽ അഭിരാമിന് ഭയങ്കര പേടി ആയിരുന്നു.
എന്റെ കാല് താഴേക്ക് കിടക്കുന്ന രീതിയിൽ കിടക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ ഷൈജു, ചിദു തുടങ്ങിയവരുമായി തമാശ പറഞ്ഞ് കുറച്ചു ഈസി ആയി. പിന്നെ പിച്ചുംപേയും പറയുന്ന ഷോട്ട് എടുക്കുന്ന സമയത്ത് എന്റെ പ്രശ്നങ്ങളെല്ലാം മറന്ന് ഞാൻ ആ കഥാപാത്രമായി ജീവിക്കാൻ തുടങ്ങി.
എന്റെ കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ സുഭാഷ് ചേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തോട് അതിനെപ്പറ്റി ഒന്നും ചോദിക്കാൻ കഴിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞത്, ‘‘ഒന്നും ചോദിക്കല്ലേ ഭാസി അത് പറഞ്ഞാൽ എനിക്ക് ഇന്നിനി ഉറങ്ങാൻ പറ്റില്ലെന്നാണ്’’. കുട്ടൻ ചേട്ടനെയും സിജു ചേട്ടനെയും എല്ലാം പോയി കണ്ടു. sreenath bhasi about his struggling days
മഞ്ഞുമ്മൽ പള്ളി പെരുന്നാളിന് പോയി. അവർ അനുഭവിച്ച കാര്യങ്ങളോട് ജസ്റ്റിസ് ചെയ്ത് അഭിനയിക്കണം എന്നുള്ളത് ഞങ്ങളുടെ കടമയായിരുന്നു. മഞ്ഞുമ്മലിലെ ഈ ചേട്ടന്മാരുടെ കഥ തന്നെയാണ് ഇവിടെ വിജയി. പിന്നെ ചിദംബരം എന്ന മികച്ച സംവിധായകൻ, ഈ കഥാപാത്രങ്ങൾക്ക് വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്ത ഗണപതി, ഈ സിനിമയ്ക്കായി പണം മുടക്കിയ സൗബിൻ ചേട്ടൻ ഇവരെയെല്ലാം അഭിനന്ദിച്ചേ മതിയാവൂ.’’ – ശ്രീനാഥ് ഭാസി പറയുന്നു.