ചന്ദ്രനില്‍ കാബേജും ചീരയും പായലും നട്ടുവളർത്താൻ നാസ; ആര്‍ട്ടിമിസ് മൂന്ന് ദൗത്യം 2026ൽ
ചന്ദ്രനില്‍ കൃഷിയിറക്കാനൊരുങ്ങി നാസ. നാസയുടെ 2026 ലെ ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുമ്പോഴാണ് ചന്ദ്രനിൽ കൃഷിയിറക്കാൻ നാസ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുക. ലൂണാര്‍ എഫക്ട്‌സ് ഓണ്‍ അഗ്രികള്‍ച്ചുറല്‍ ഫ്‌ളോറ അഥവാ ലീഫ് എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേര്.
അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള സ്‌പേസ് ലാബ് ടെക്‌നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍ ചന്ദ്രനിലെ സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. സൂര്യനില്‍ നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്‍ച്ചക്ക് പറ്റിയ സാഹചര്യങ്ങളൊരുക്കാൻ കഴിയുന്ന ചെറിയ ഗ്രോത്ത് ചേംബറുകളിലാണ് ഓരോ ചെടിയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. ഭാവിയിലെ ചൊവ്വാ ദൗത്യം ഉൾപ്പെടയുള്ള ദൗത്യങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്‍ ഈ പരീക്ഷണം വഴി ലഭിച്ചേക്കും എന്നാണ് നാസയുടെ പ്രതീക്ഷ.