ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധേയമായി മോഹന്‍ലാലിന്റെ കുറിപ്പ്
ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. എറണാംകുളത്തെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കൾ ഗുണ കേവ്സിൽ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചർച്ചയാകുമ്പോൾ, മോഹൻ ലാൽ മുൻപൊരിക്കൽ ഗുണ കേവ്സ് സന്ദർശിച്ചപ്പോൾ എഴുതിയ കുറപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗുണ കേവ്സിൽ താൻ കണ്ട കാഴ്ചകൾ അടുത്ത ജന്മത്തിൽ പോലും മറക്കില്ലെന്നാണ് മോഹൻലാൽ പറയുന്നത്. 'കുന്നുകൾക്കും താഴ്വരകൾക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തിൽ അറിവുള്ളവർ പറയുന്നു. 55-60 ദശലക്ഷം വർഷം മുമ്പ് ഉയർന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളിൽപെട്ടതാണ് കൊടൈക്കനാൽ, മൂന്നാർ, വയനാട് എന്നിവ. ഭൂമിക്ക് മുകളിൽ മാത്രമല്ല അടിയിലും വിസ്മയങ്ങൾ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലർന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോർച്ചടിച്ചപ്പോൾ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളിൽ (അങ്ങിനെയൊന്നുണ്ടെങ്കിൽ) പോലും ഞാൻ ഓർക്കുന്നതാണ്.
പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങൾ. തൊട്ടപ്പുറം ദ്രവിച്ചുതീർന്ന ചുരിദാർ. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകൾ. ഇവിടെ വീണാൽ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോർച്ചറിയിൽ മാസങ്ങളോളം ചിലപ്പോൾ വർഷങ്ങൾ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളിൽ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങൾ പാതി ജീർണിച്ചും എല്ലിൻ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളിൽ ഇറങ്ങിപ്പോയ പണിക്കാർ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു. ആഴങ്ങളിൽ പൊലിഞ്ഞ അശാന്തമായ ആത്മാവുകൾ ചെകുത്താന്റെ പാചകപ്പുരയിൽ നിന്നും പൊങ്ങുന്ന വെളുത്ത പുകയിൽ കലർന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോൾ കൊടൈക്കനാലിലെ കോടമഞ്ഞിൻ കൂട്ടങ്ങൾ എന്നെ പേടിപ്പിക്കുന്നു. അപ്പോൾ സുന്ദരമായ കൊടൈക്കനാൽ ഭയം കൂടിയാവുന്നു' - മോഹൻലാൽ കുറിച്ചു.
ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണ കേവ്സിൽ നിരവധി മരണങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. അതിലേക്ക് വീണുപോയവരാരും പിന്നീട് തിരിച്ചുവന്നിട്ടില്ല എന്നാണ് പറയുന്നത്. ഫെബ്രുവരി 22 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ 25 കോടിയാണ്. 3.35 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓപ്പണിങ് കളക്ഷൻ. മികച്ച പ്രതികരണം തന്നെയണ് തമിഴ് നാട്ടിൽ നിന്നും ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ജീൻ പോൾ ലാൽ, ഗണപതി, ചന്തു സലീം കുമാർ എന്നിവരാണ് പ്രധാന താരങ്ങൾ. സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഭിറാം പൊതുവാൾ, അരുൺ കുര്യൻ, ദീപക് പറമ്പോൾ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.