ജീവനേക്കാളേറെ മിയാകെജിമയെ സ്നേഹിച്ചവർ; മാസ്കിട്ട് ജീവിച്ചത് വർഷങ്ങളോളം
ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. വർഷങ്ങളോളം ഗ്യാസ് മാസ്‌ക് ധരിച്ച് ജീവിക്കേണ്ടി വന്നയൊരു ജനത ഇവിടെയുണ്ട്. അന്ന് ഇവിടെ ആരും മുഖം കാണിച്ചിരുന്നില്ല. കാണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുമുണ്ടായിരുന്നു. അതിന്റെ കാരണമെന്താണന്നല്ലെ? അഗ്‌നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെജിമ. ഇവിടത്തെ അഗ്‌നിപർവതങ്ങളിൽ ഏറ്റവും പ്രധാനം മിയാകെജിമയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്‌നിപർവതമാണ്.
2000 ൽ, മൗണ്ട് ഒയാമ പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. തുടർന്നു ദ്വീപിലെ അന്തേവാസികളെയെല്ലാം ജപ്പാൻ ഒഴിപ്പിച്ചു. എന്നാൽ ഇവരിൽ നല്ലൊരു വിഭാഗത്തിനും ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ 2005 ൽ ഇവർ മിയാകെജിമയിൽ തിരികെയെത്തി. എന്നാൽ അവർക്ക് സ്ഥിരമായി ഗ്യാസ് മാസ്‌കുകൾ ഉപയോഗിക്കേണ്ടി വന്നു. ഇന്നും ഒയാമ പർവതത്തിൽ നിന്നും രാസവാതകങ്ങൾ വമിക്കുന്നുണ്ട്. എന്നാൽ മാസ്‌ക് ഉപയോഗിക്കേണ്ട അവസ്ഥയില്ല.