'വളരെ എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കിത്തന്ന മാധ്യമത്തിന് ഒരിക്കൽ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു'; തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാധ്യമത്തിനെതിരെ നടൻ
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാദ്ധ്യമത്തിനെതിരെ നടൻ മണികണ്ഠൻ രാജൻ രംഗത്ത്. തെറ്റായ വാർത്ത അവസരങ്ങൾ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടൻ രംഗത്തെത്തിയത്.
'ഇന്നത്തെ പത്രത്തിൽ എന്നെക്കുറിച്ചൊരു വാർത്ത വന്നു. എന്റെ ഏറ്റവും നല്ല ഫോട്ടോ വച്ച്, കൃത്യമായി ഞാനാണെന്ന് മനസിലാകുന്ന രീതിയിൽ നടൻ മണികണ്ഠൻ അറസ്റ്റിൽ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ഇത് തുടർന്ന് വായിക്കുമ്പോൾ അറിയാൻ സാധിക്കുന്നത്, ഞാനല്ല വേറൊരു മണികണ്ഠനാണെന്നാണ്. കള്ളപ്പണമാണ് വിഷയം. ആ മാധ്യമത്തിന് എന്റെ പടം കണ്ടാൽ അറിയില്ലേ എന്നൊരു സംശയം എനിക്കുണ്ട്. എന്തായാലും അതെന്നെ വളരെയധികം ബാധിച്ചുവെന്നതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.
ഇവിടെ ആരെങ്കിലും പറഞ്ഞല്ല ഞാൻ ഈ വാർത്ത അറിയുന്നത്. അടുത്ത മാസമൊക്കെയായി ഞാൻ ചെയ്യേണ്ട തമിഴ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ നമ്പർ ഞാനും അദ്ദേഹം എന്റെ നമ്പറും സേവ് ചെയ്തിട്ടുണ്ട്. കുറച്ചുനാളുകൾക്ക് ശേഷമാണ് വിളിക്കുന്നത്. ഇന്ന് വിളിച്ചപ്പോൾ സിനിമയുടെ കാര്യം പറയാനാണെന്നാണ് ഞാൻ വിചാരിച്ചത്.
ഫോണെടുത്തപ്പോൾ അവിടെ സൈലന്റാണ്. സുഖമാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇത് മണികണ്ഠനാണോ? നിങ്ങളെ അറസ്റ്റ് ചെയ്‌തെന്ന് വാർത്ത കണ്ടെന്ന് പറഞ്ഞു. പുള്ളി പറഞ്ഞപ്പോഴാണ് ഞാൻ വിഷയം അറിയുന്നത്. അവർക്ക് വിളിക്കാൻ തോന്നിയതുകൊണ്ട് ഞാനല്ലെന്ന് അവർക്ക് മനസിലായി.
ആ സമയത്ത് ഞാൻ അറസ്റ്റിലായെന്ന് കരുതി വേറെ ആളെ കാസ്റ്റ് ചെയ്യാമെന്ന് ആലോചിച്ചിരുന്നെങ്കിൽ എന്റെ ഒരു അവസരം നഷ്ടമായേനെ. ഇനി എത്ര അവസരം നഷ്ടമാകുമെന്നൊന്നും എനിക്കറിയില്ല. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഈ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് കരുതി വീഡിയോ ചെയ്തത്.
എന്തായാലും നിയമപരമായി മുന്നോട്ടുപോകും. എന്റെ ജീവിതത്തിൽ ഇത്രയും കാലമായി ഞാൻ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. എന്തായാലും വളരെ നിസാരമായി, വളരെ എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കിത്തന്ന മാദ്ധ്യമത്തിന് ഒരിക്കൽ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു.'- മണികണ്ഠൻ വ്യക്തമാക്കി.
കണക്കിൽപ്പെടാത്ത പണം കണ്ടെടുത്ത കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനെതിരെയായിരുന്നു നടപടിയുണ്ടായത്. ഒറ്റപ്പാലത്തെ ഇയാളുടെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തിന് പിന്നാലെയായിരുന്നു നടപടി. ഈ വാർത്തയ്‌ക്കൊപ്പമാണ് മണികണ്ഠൻ രാജന്റെ ഫോട്ടോ മാറി നൽകിയത്.