'ബ്രെഡ് ആന്‍ഡ് റോസസ്' ; താലിബാനെതിരേ സിനിമയുമായി മലാല യൂസഫ് സായി: റിലീസ് 22-ന്
മലാല യൂസഫ് സായ് പെണ്‍കുട്ടികള്‍ക്കുവേണ്ടി സംസാരിച്ചതിന് 2012 ഒക്ടോബർ ഒമ്പതിന് തന്റെ 15-ാം വയസ്സില്‍ താലിബാന്‍റെ തോക്കിന്‍ കുഴലിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടി. ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്ന് അവള്‍ തിരിച്ചുവന്നപ്പോള്‍ രണ്ട് വര്‍ഷത്തിനിപ്പുറം ആ പെണ്‍കുട്ടിയെ കാത്തിരുന്നത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം.
മലാല അങ്ങനെ നൊബേല്‍ ചരിത്രത്തില്‍ തന്നെ ചെറിയ പ്രായത്തില്‍ അവാര്‍ഡിന് അര്‍ഹയാവുന്ന പെണ്‍കുട്ടിയായി. 17 വയസ്സായിരുന്നു പ്രായം. ഒപ്പം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി. പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ പലരും മലാല എന്ന് പേരിട്ടു. ലോകത്തിലെ കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഐക്കണായി മലാല മാറി.
ഇതേ താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതോടെ അവിടേയും സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ടത് കൊടിയ പീഡനം, അനീതി. അവര്‍ക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ജോലിയും കൂലിയുമില്ലാത്തവരായി, അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു.
ഇതിനെതിരേ സിനിമയുമായി രംഗത്തുവന്നിരിക്കുകയാണ് മലാല യൂസഫ് സായി. 'ബ്രെഡ് ആന്‍ഡ് റോസസ്' എന്ന സിനിമയുടെ ട്രെയ്‌ലര്‍ നേരത്തെ റിലീസായിരുന്നു. നവംബര്‍ 22-ന് സിനിമ ആപ്പിള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് മലാല.
അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ പ്രശ്‌നം അത്രപെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എത്രയോ സ്ത്രീകള്‍ നിസ്സഹായരായി, എല്ലായിടത്തും അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് എല്ലാം പൊട്ടിച്ചെറിഞ്ഞ് പുറത്തുവരണമെന്നുണ്ട്, പക്ഷെ കഴിയുന്നില്ല. അവരുടെ കഥയാണ് ബ്രെഡ് ആന്‍ഡ് റോസസ് പറയുന്നത്, മലാല ബി.ബി.സിയോട് പറഞ്ഞു.
അഫ്ഗാനിസ്താനന്‍ താലിബാന്‍റെ ഭരണത്തിന് കീഴിലായതിനുശേഷം ജോലി നഷ്ടപ്പെട്ട ദന്തരോഗ വിദഗ്ധ സഹറ, ആക്ടിവിസ്റ്റ് തരനോം, ജോലി നഷ്ടപ്പെട്ടുപോയ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന ഷാരിഫ എന്നിവരിലൂടെയാണ് ബ്രെഡ് ആന്‍ഡ് റോസസ് കഥ പറയുന്നത്. അഫ്ഗാന്‍ സിനിമാ നിര്‍മിതാവ് സഹ്‌റാ മനി, അമേരിക്കന്‍ അഭിനേത്രി ജെന്നിഫര്‍ ലോറന്‍സ് എന്നിവര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാണ് മലാല. സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നോണം അഫ്ഗാന്‍ ഭാഷയില്‍ ഉപയോഗിക്കുന്നതാണ് ബ്രെഡ് ആന്‍ഡ് റോസസ് എന്നത്. സത്രീകളുടെ കഥ പറയുമ്പോള്‍ ഇതുതന്നെ സിനിമയുടെ പേരായി തിരഞ്ഞെടുക്കുകയായിരുന്നെന്ന് മലാല പറയുന്നു. ഇത് വെറും മൂന്ന് സ്ത്രീകളുടെ കഥയല്ല. രണ്ട് കോടി അഫ്ഗാന്‍ സ്ത്രീകളുടെ കഥയാണെന്നും അവര്‍ പറഞ്ഞു.