മദ്യമില്ല, പുകയിലയില്ല, ഫോണിനും നിയന്ത്രണം, ആഘോഷങ്ങളെല്ലാം ഒന്നിച്ച്; മാതൃകയായി ജാകേകുർവാഡി
മദ്യപാനവും പുകവലിയും ഇല്ലാത്ത ഒരു ഗ്രാമം. അങ്ങനെയൊരു ഗ്രാമം ഇന്ത്യയിൽ ഉണ്ടോ എന്നായിരിക്കും ചിന്തിക്കുന്നതല്ലെ? എന്നാലുണ്ട്. മദ്യപിക്കരുത്, പുകവലിക്കരുത് എന്ന് മാത്രമല്ല, ഇവയുടെ വിൽപനയും ഗ്രാമത്തിൽ നിരോധിച്ചിരിക്കുകയാണ്. മാതൃകാപരമായ ഈ ഗ്രാമം മഹാരാഷ്ട്രയിലെ ജാകേകുർവാഡിയാണ്. ഇവിടുത്തെ ഗ്രാമമുഖ്യനായ അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷം കൊണ്ടാണ് ഈ മാറ്റം പൂർണമായും നടപ്പിലാക്കിയത്. ഗ്രാമത്തിൽ മദ്യപിച്ചവർക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും മദ്യവുമായി ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ലത്രെ.
ഇത് മാത്രമല്ല, മറ്റൊരു പ്രധാന കാര്യവും ഈ ഗ്രാമം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമത്തിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നിയന്ത്രണം. തീർന്നില്ല, നല്ല ഡ്രെയിനേജ് സംവിധാനം, പ്രായമായവർക്ക് ഇരുന്ന് വിശ്രമിക്കാനും വർത്തമാനം പറയാനുമായി ബെഞ്ചുകൾ ഒക്കെ ഇവിടെയുണ്ട്. അയ്യായിരത്തിലധികം ചെടികളാണ് ഗ്രാമീണർ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതുപോലെ, എല്ലാ വാർഷികങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം എല്ലാവരും ഒരുമിച്ചാണ് കൊണ്ടാടാറുള്ളത്.