ഇളം പിങ്ക് നിറത്തിലുള്ള ലുലോ റോസ്; അത്യപൂർവ പിങ്ക് വജ്രത്തിന് കോടികളുടെ മൂല്യം
രത്‌നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം. ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്‌നങ്ങളിൽ ഒന്നാണത്. എന്നാൽ ഇളം പിങ്ക് നിറത്തിലുള്ള വജ്രം കണ്ടിട്ടുണ്ടോ? അതെ അങ്ങനെയൊരു വജ്രമുണ്ട്. അതാണ് ലുലോ റോസ്. ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നും 2022ലാണ് ലുലോ റോസ് ഖനനം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ലുലോ റോസ് എന്ന പേര് വന്നതും. അങ്ങനെ അത്യപൂർവമായ പിങ്ക് വജ്രം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്ക് എത്തിച്ചേർന്നു. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ പിങ്ക് വജ്രമാണ് ലുലോ റോസ്.
ഓസ്‌ട്രേലിയന്‍ സൈറ്റ് ഓപറേറ്റര്‍ കണ്ടെത്തിയ ലുലോ റോസ് 170 കാരറ്റാണുള്ളത്. കണ്ടെത്തിയ നിമിഷം തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണിതെന്ന് മനസ്സിലായിരുന്നു. ഏകദേശം 100 മില്യൺ യുഎസ് ഡോളര്‍ വില വരുമെന്നാണ് കരുതുന്നത്. 34 ഗ്രാം ആയിരുന്നു രത്നത്തിന്റെ തൂക്കം. ലുലോ ഖനിയിൽ നിന്ന് കണ്ടെത്തിയ അഞ്ചാമത്തെ ഏറ്റവും വലിയ വജ്രമാണ് ലുലോ റോസ്. മാത്രമല്ല, അവിടെ നിന്നും ലഭിച്ച നൂറു കാരറ്റിലധികം വരുന്ന 27ാമത്തെ രാതനവും ലുലോ റോസാണ്. 2022 ൽ ലുലോ റോസ് കണ്ടെത്തുന്നത് വരെ ഏറ്റവും വലിയ പിങ്ക് വജ്രം ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ദാരിയ ഐ നൂർ ആയിരുന്നു. ദാരിയ ഐ നൂർ നിലവിൽ ഇറാനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ്റെ ഇറാനിയൻ നാഷണൽ ജുവൽ കളക്ഷന്റെ ഭാഗമാണ്.