തൊട്ടതെല്ലാം പൊന്നാക്കിയ 'പൊന്ന്' അമ്മ; കിരീടത്തില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ
മലയാളികളുടെ അമ്മ സങ്കല്‍പ്പത്തില്‍ ആദ്യം തെളിയുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണ്. ബ്ലാക്ക് വൈറ്റ് സിനിമകളില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ നിരവധി വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ എന്നും മായാതെനില്‍ക്കും. അമ്മ വേഷങ്ങളില്‍ ഉമ്മറത്തു കത്തിച്ചുവച്ച നിലവിളക്കു പോലെയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മലയാളികളന്നൊടങ്കം പറയും.
ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ച പൊന്നമ്മ ഗായികയായിട്ടാണ് കലാരംഗത്തേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നടിയായും അവര്‍ തന്റെ കഴിവുതെളിയിച്ചു. സത്യന്‍, പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, ബാലചന്ദ്രമേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി തന്റെ കാലത്തെ എല്ലാ സൂപ്പര്‍താരങ്ങളുടെയും കൂടെ അവര്‍ വെള്ളിത്തിര പങ്കിട്ടു. തിലകന്‍-പൊന്നമ്മ കോമ്പോ എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. കിരീടം, കുടുംബവിശേഷം തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ ഭാര്യ-ഭര്‍ത്താവ് കഥാപാത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
അമ്പതോളം ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ പകര്‍ന്നാടി. മോഹന്‍ലാലിന്റെ അമ്മയാകുമ്പോള്‍ അവര്‍ക്കു ചമയങ്ങള്‍ ആവശ്യമുള്ളതായി പോലും തോന്നാറില്ല. അത്രയ്ക്കു കെമിസ്ട്രിയായിരുന്നു അവര്‍ തമ്മില്‍. ഒരിക്കല്‍ അഭിമുഖത്തില്‍ കിരീടത്തിലെ അമ്മവേഷത്തെക്കുറിച്ചു പൊന്നമ്മ പറഞ്ഞത് പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല.
പോലീസ് ഓഫീസറാകാന്‍ വീട്ടുകാരാഗ്രഹിച്ച സേതുമാധവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം റൗഡിയായി മാറുന്നത് ഹൃദയവേദനയോടെ നോക്കിനില്‍ക്കുന്ന നിസഹായായ ആ അമ്മയെ ആര്‍ക്കാണു മറക്കാന്‍ കഴിയുക. ഒരു സീനില്‍ വീട്ടിലേക്കു മോഹന്‍ലാല്‍ കയറിവരുമ്പോള്‍ അച്ഛനായി അഭിനയിക്കുന്ന തിലകന്‍- എനിക്കു നീ മാത്രമല്ല... വേറെയും മക്കളുണ്ട് ഇറങ്ങിപ്പോടാ... എന്നു പറയുമ്പോള്‍ വീടുവിട്ടിറങ്ങുന്ന മോഹന്‍ലാലിനെ മോനേ... എന്നു വിളിച്ചു പിന്നാലെ വരുന്ന പൊന്നമ്മയോട് മോഹന്‍ലാല്‍- അമ്മേ... ജീവിതം എനിക്കു കൈവിട്ടു പോകുന്നു... എന്നു പറയുമ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ തേങ്ങിപ്പോയെന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. ആ രംഗം തന്നെ ഒരുപാടു വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ 'പൊന്ന്'അമ്മ മലയാളികളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. കവിയൂര്‍ പൊന്നമ്മ എന്ന മഹാഅഭിനേത്രിക്ക് പ്രണാമങ്ങള്‍.