'കൂടുതൽ പറഞ്ഞാൽ ആന്റണി വർഗീസ് മോശക്കാരനാകും': ജൂഡ്
2018 എന്ന സിനിമ റിലീസായ സമയത്ത് നടൻ ആന്റണി വർഗീസിനെതിരെ ജൂഡ് ആന്തണി വിമർശനവുമായി എത്തിയത് വലിയ വിവാദമായിരുന്നു. ആന്റണി വർഗീസ് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണ് അന്ന് വിമർശിച്ചതിന് ജൂഡ് പറയുന്നു.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് പങ്കുവച്ചത്.
ജൂഡിന്റെ വാക്കുകൾ
‘ഞാനുപയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിപ്പിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു.
അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.
ഫാലിമി എന്ന സിനിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത്. വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്.
പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ല. ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർഗീസ് മോശക്കാരനാകും’- ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.