Begin typing your search...

"വിളിച്ചുവരുത്തി അപമാനിച്ചു, എന്റെ ധാർമികമൂല്യങ്ങളാണ് പ്രശ്‌നം": ഫാറൂഖ് കോളേജിനെതിരെ നിയമനടപടിക്കൊരുങ്ങി ജിയോ ബേബി

വിളിച്ചുവരുത്തി അപമാനിച്ചു, എന്റെ ധാർമികമൂല്യങ്ങളാണ് പ്രശ്‌നം: ഫാറൂഖ് കോളേജിനെതിരെ നിയമനടപടിക്കൊരുങ്ങി ജിയോ ബേബി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജിൽ അതിഥിയായി വിളിച്ച ശേഷം പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. കോളജിലെ ഫിലിം ക്ലബ്ബ് നടത്തുന്ന പരിപാടിയിലേക്കാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. ഇതനുസരിച്ച് കോഴിക്കോട് എത്തിയെങ്കിലും പരിപാടി റദ്ദാക്കിയ വിവരം ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ അറിയിക്കുകയായിരുന്നു. താൻ അപമാനിതനായെന്നും കോളേജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ 'എന്റെ പ്രതിഷേധം' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു ജിയോ ബേബിയുടെ പ്രതികരണം.

"ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില്‍ പൊളിറ്റിക്‌സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചാം തീയതി രാവിലെ ഞാന്‍ കോഴിക്കോടെത്തി. ഇവിടെ എത്തിയതിന് ശേഷമാണ് പരിപാടി അവര്‍ റദ്ദാക്കിയെന്ന് അറിയുന്നത്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചർ ഇക്കാര്യം വിളിച്ചുപറയുകയായിരുന്നു. അവര്‍ക്കും വളരെ വേദനയുണ്ടായി. പക്ഷേ, കാരണം ചോദിക്കുമ്പോള്‍ വ്യക്തമായൊരു ഉത്തരവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന്‌ മാറ്റിവയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ കോളജ് പ്രിൻസിപ്പലിന് ഞാനൊരു മെയില്‍ അയച്ചു. വാട്ട്‌സാപ്പിലും ബന്ധപ്പെട്ടു. പക്ഷേ ഇതുവരെ മറുപടിയില്ല. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് ലഭിച്ചു. ഫാറൂഖ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023-ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്‌നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ട് ആ പരിപാടി റദ്ദ് ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. . കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്. ഇതിനൊക്കെ എനിക്ക് ഉത്തരം ലഭിക്കണം. വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്": ജിയോ ബേബി പറഞ്ഞു.

WEB DESK
Next Story
Share it