മരങ്ങൾ തിങ്ങിനിറഞ്ഞ കാടും, പുഴയും, അരുവികളുമുള്ള ഗുഹ; ഹാങ് സോൻ ഡൂങ് എന്ന അത്ഭുതം
ഭൂമിയിലെ അത്ഭുതങ്ങളിലൊന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. മധ്യ വിയറ്റ്നാമിലെ ഫോങ് നാ കി ബാങ് എന്ന ദേശിയോദ്യാനത്തിന്റെ ഭാഗമായ ഈ ഗുഹ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹയാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ കാടും, പുഴയും, അരുവികളും, വെള്ളച്ചാട്ടവുമൊക്കെയുള്ള ഒരു പ്രത്യേക ആവാസവ്യവസ്ഥ തന്നെ ഗുഹയ്ക്കുണ്ട്. 1990ൽ ഹൊ ഖാൻഹ് എന്ന പ്രദേശവാസിയാണ് ഈ ഗുഹ കണ്ടെത്തിയത്. എന്നാൽ കാറ്റിന്റെ ചൂളം വിളി ശബ്ദവും ഗുഹയ്ക്കകത്തുകൂടി ഒഴുക്കുന്ന പുഴയുടെ ഭയപ്പെടുത്തുന്ന മുഴക്കവും കേട്ട് ഹൊ ഖാൻഹ് പിന്മാറി.
ഗുഹയ്ക്ക് 200 മീറ്ററിലധികം വീതിയും 150 മീറ്റർ ഉയരവുമുണ്ട്. 2009ൽ ഇവിടെ നടന്ന പര്യവേക്ഷണത്തോടെയാണ് ഗുഹ ലോകപ്രശ്സ്ഥമായത്. ഗുഹക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയാണ് ഹാങ് സോൻ ഡൂങിന്റെ മറ്റൊരു പ്രത്യേകത. ഗുഹയുടെ മേൽക്കൂര രണ്ടിടത്ത് തകർന്നതിനാൽ സൂര്യപ്രകാശം ഇതിനുള്ളിലെത്തും. ഗുഹയിലെ ഭൂഗർഭനദിയുടെ സാന്നിധ്യം മൂലമാണ് ഇതിനുള്ളിൽ വനം വളരുന്നത്. നിരവധി ജീവജാലങ്ങളും അതിപ്രാചീനമായ ഫോസിലുകളും ഇതിനുള്ളിലുണ്ട്.