ബ്രസീലിലെ 'മീശമാധവൻ'; ആദ്യം ഫോൺ മോഷ്ടിച്ചു, പിന്നീട് യുവതിയുടെ ഹൃദയവും
സ്ത്രീയും പുരുഷനും തമ്മിൽ പ്രണയത്തിലാകുമ്പോൾ, ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവർക്കുള്ളിൽ പൂവുകളായിപ്പിറക്കുമെന്നെല്ലാം കവികളെഴുതിയിട്ടുണ്ട്. പ്രണയം ഭാഷകൊണ്ടു നിർവചിക്കാനാകാത്ത അത്രമേൽ ആഴമുള്ള അനുഭവമാണ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രണയികളുടെ കഥകൾ നമ്മളെ തേടിയെത്താറുണ്ട്. ബ്രസീലിൽനിന്നുള്ള കൗതുകരമായ ഒരു പ്രണയവാർത്ത ഇപ്പോൾ ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുന്നു. കമിതാക്കളുടെ വീഡിയോയും നവമാധ്യമങ്ങളിൽ വൈറലാണ്.
ഒരു മോഷ്ടാവും യുവതിയും തമ്മിലുള്ള അപൂർവപ്രണയം ഇന്ന് എല്ലാവരുടെയും ആശംസകൾ നേടിയിരിക്കുന്നു. തന്റെ ഫോൺ മോഷ്ടിച്ച കള്ളനുമായാണ് ഇമ്മാനുവേല എന്ന യുവതി പ്രണയത്തിലായത്. തന്റെ താമസസ്ഥലത്തിനടുത്തുള്ള തെരുവിലൂടെ നടന്നുപോകുമ്പോൾ യുവാവു ഫോൺ തട്ടിയെടുക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഇമ്മാനുവേല പകച്ചുനിന്നുപോയി. ഇത്തരം സംഭവങ്ങളിൽ സാധാരണ പോലീസിൽ പരാതിപ്പെടുകയാണ് എല്ലാവരും ചെയ്യുക. പക്ഷേ, എന്തുകൊണ്ടോ അവൾക്കങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല.
മോഷ്ടിച്ച ഫോണിലെ രേഖകൾ പരിശോധിക്കുമ്പോഴാണ് യുവാവായ കള്ളന്റെ മനസിൽ തരളവികാരങ്ങൾ മുളപൊട്ടുന്നത്. ഫോണിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ അയാളിൽ പ്രണയത്തിന്റെ തോരാമഴ പെയ്യാൻതുടങ്ങി. താൻ ഇത്രയും കാലം അന്വേഷിച്ചുനടന്ന സങ്കൽപ്പത്തിലെ പെൺകുട്ടിയെ കണ്ടെത്തിയ അനുഭവമാണ് കള്ളനുണ്ടായത്. തനിക്കൊരു സ്ത്രീയില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്നും ഇമ്മാനുവേലയുടെ ഫോട്ടോ കണ്ടപ്പോൾത്തന്നെ അവളിൽ അനുരാഗവിവശനായെന്നും യുവാവ് പറയുന്നു. പിന്നെ തന്റെ ലക്ഷ്യം അവളുടെ പ്രണയം സ്വന്തമാക്കുക എന്നുള്ളതായിരുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങളോടു യുവാവ് പറഞ്ഞു. ഇമ്മാനുവേലയുമായുള്ള പ്രണയം യുവാവിൽ വലിയ മാറ്റങ്ങൾ വരുത്തി. തന്റെ തെറ്റുകൾ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ജീവിതത്തിലേക്കു തിരികെവരാനും സാധിച്ചു. അപൂർവപ്രണയകഥയിലെ നായകനും നായികയും സന്തോഷകരമായി ജീവിക്കട്ടെ എന്നു നമുക്കും ആശംസിക്കാം...