അജ്ഞാത പേടകങ്ങൾ ആകാശത്തല്ല കടലിലാണെന്ന് മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ
യുഎഫ്ഒ എന്ന അജ്ഞാത പേടകങ്ങൾ കടലിനടിയിലാണ് ഒളിച്ചിരിക്കുന്നതെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ. അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടെന്നും അതല്ല അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നുണ്ടെന്നുമൊക്കെയുള്ള വാദങ്ങൾ ഈയിടെ പല ഗവേഷകരും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാത പേടകങ്ങളെ കിട്ടാൻ ആകാശത്തു നോക്കിയാൽ പോര കടലിനടിയിൽ തപ്പണമെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ് പറയ്യുന്നത്.
ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. യുഎഫ്ഒകളുടെ ഏറ്റും വലിയ പ്രത്യേകതകളിലൊന്ന് കരയിൽ നിന്നു കടലിലേക്കും തിരിച്ചും എളുപത്തിൽ യാത്ര ചെയ്യാനുള്ള ഇതിന്റെ ശേഷിയാണെന്നാണ് ടിം പറയ്യുന്നത്. 2019ൽ അമേരിക്കൻ നേവിയുടെ യുഎസ്എസ് ഒമാഹ എന്ന യുദ്ധക്കപ്പൽ അമേരിക്കയിലെ സാൻ ഡീഗോ തീരത്തിനടുത്ത് ഒരു യുഎഫ്ഒ കടലിലേക്ക് ഇറങ്ങുന്നതു പോലൊരു വിഡിയോ ഷൂട്ട് ചെയ്തിരുന്നു. അമേരിക്കൻ ഫിലിംമേക്കറായ ജെറമി കോർബെൽ ഈ വീഡിയോ റിലീസ് ചെയ്തിരുന്നു. വിഡിയോ പിന്നീട് പെന്റഗൺ ഇത് പരിശോധിച്ച് സ്ഥിരീകരിച്ചു.
എന്നാൽ ഇതൊരു പുതിയ കാര്യമല്ലെന്നാണ് ടിം പറയുന്നത്. യുഎഫ്ഒകളെ പറ്റിയുള്ള വിവരങ്ങൾ അമേരിക്കൻ സർക്കാർ പുറത്തുവിടാത്തതാണെന്ന സംശയം ടിമ്മിനുണ്ട്. ഒരുപക്ഷെ ജനങ്ങളെ പേടിപ്പിക്കാതിരിക്കനായിരിക്കും ഇത്. എന്നാൽ യുഎസിന്റെ സമുദ്രഗവേഷണവിഭാഗങ്ങൾ ഇക്കാര്യങ്ങൾ കൂടുതൽ വിദഗ്ധമായി പഠിക്കണമെന്ന് ടിം ആവശ്യപ്പെട്ടു. അന്യഗ്രഹ സാങ്കേതികവിദ്യകളെപ്പറ്റി ഗവേഷണം നടത്തുന്ന ഗലീലിയോ പ്രോജക്ട് എന്ന ഗവേഷണസംഘത്തിൽ അംഗവുമാണ് ടിം.