സ്വെറ്ററും, പൈജാമയും, സ്ലിപ്പറും ധരിച്ച് ഓഫീസിൽ പോകുന്ന ജീവനക്കാർ; കംഫർട്ടാണ് മുഖ്യം
ഓഫീസിൽ പോകുമ്പോൾ കുറച്ച് ഫോർമലായ വസ്ത്രമല്ലെ ധരിക്കാറ്. എന്നാൽ എപ്പോഴെങ്കിലും വീട്ടിലിടുന്ന കംഫർട്ടബിൾ വസ്ത്രം തന്നെ ഓഫീസിലും ധരിക്കണമെന്ന് തോന്നിയിട്ടില്ലെ? ഈ ആഗ്രഹം നടപ്പിലാക്കിയിരിക്കുകയാണ് ചൈനയിലെ ഒരുകൂട്ടം ജീവനക്കാർ. ആവർ വീട്ടിലിടുന്ന വസ്ത്രങ്ങൾ ഓഫീസിലും ട്രെൻഡ് ആക്കി. ട്രാക്ക്സ്യൂട്ടുകൾ, പൈജാമ, സ്‍വെറ്റ് പാന്റ്, സ്ലിപ്പറുകൾ എന്നിവയെല്ലാം ട്രെൻഡിൽ ഉൾപ്പെടും. വസ്ത്രത്തിനേക്കാളുപരി കംഫർട്ടിനാണ് മുൻഗണന എന്ന ചിന്തയാണ് പുതിയ ട്രെൻഡിന് പിന്നിൽ.
ഈ ട്രെൻഡിന് തുടക്കമിട്ടത് കെൻഡൗ എസ് എന്ന ചൈനീസ് യുവതിയാണ്. സ്വെറ്ററും പൈജാമയുമിട്ട് ഓഫീസിൽ പോകുന്ന തന്റെ വീഡിയോ അവർ ചൈനീസ് സാമൂഹിക മാധ്യമമായ ഡൗയിനിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വസ്ത്രധാരണത്തെ 'ഗ്രോസ്' എന്നാണ് തന്റെ ബോസ് വിശേഷിപ്പിച്ചത് എന്നാണ് അവർ പറഞ്ഞത്. എന്നാൽ കെൻഡൗവിന്റെ പോസ്റ്റിന് പിന്നാലെ പലരും ഇത്തരത്തിൽ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങി. ഇതോടെയാണ് ചെറുപ്പക്കാരിൽ പലരും ഓഫീസിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാനിഷ്ടപ്പെടുന്നുണ്ടെന്ന് എന്ന് മനസിലായത്.