എഐ കമാൻഡറെ സൃഷ്ടിച്ച് ചൈന; മനുഷ്യന്റെ ചിന്താ രീതിയെയും ദൗർബല്യങ്ങളെയും അനുകരിക്കും
എഐ സുപ്രീം കമാൻഡർ ആയി ലോകത്തെ നിയന്ത്രിക്കുന്നതും നാശത്തിലേക്കു നയിക്കുന്നതുമായ കഥകൾ നമ്മൾ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുണ്ടാവുമല്ലെ? എന്നാൽ ഈ ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ചൈന. ചൈനയിലെ ഷിജിയാഷുവാംഗിലുള്ള നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയിൽ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരികയാണ്. നിലവിൽ ഈ കമാൻഡർ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എല്ലാ ശാഖകളും ഉൾപ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളിൽ പരിശീലനം നടത്തുകയാണ്. നിലവില്‍ ലാബിൽ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകൾ.
മുൻകാല അനുഭവങ്ങൾ വിശകലനം ചെയ്ത് മനുഷ്യന്റെ ചിന്താ രീതിയെ ഇതിന് അനുകരിക്കാൻ കഴിയും. മാത്രമല്ല മനുഷ്യരുടെ ദൗർബല്യങ്ങളും അനുകരിക്കും. ചിലപ്പോൾ കോപം പോലും പ്രകടിപ്പിക്കാൻ കഴിയുമത്രെ. അനുഭവജ്ഞാനം ഉപയോഗിച്ച് ലാബിൽ എഐ കമാൻഡർ സ്വന്തമായി തീരുമാനം എടുക്കുന്നുണ്ട്. മനുഷ്യരെ അനുകരിക്കുമെങ്കിലും വൈകാരികമോ ആവേശഭരിതമോ ആയ തീരുമാനങ്ങളൊന്നും എഐ എടുക്കുകയില്ലെന്നും ഗവേഷകർ പറയുന്നു.
മനുഷ്യന്റെ മറവിയെ അനുകരിക്കാൻ, ശാസ്ത്രജ്ഞർ അതിൻ്റെ മെമ്മറി ശേഷി പരിമിതപ്പെടുത്തിയിട്ടുണ്ട്, എന്നു വച്ചാൽ പുതിയ ഡാറ്റ വരുമ്പോൾ ചില പഴയ വിവരങ്ങൾ ശുദ്ധീകരിക്കപ്പെടും. കൂടാതെ, വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പഠിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു. ഇനി വരാനിരിക്കുന്ന എഐയുടെ കാലം കണ്ട് തന്നെ അറിയണം.