ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും സാമ്പിളായി എത്തിക്കാൻ ചന്ദ്രയാന്‍ 4
ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി ചന്ദ്രയാന്‍ 3 പേടകം ഇറങ്ങിയ ശിവശക്തി പോയിന്റിൽ ചന്ദ്രയാന്‍ 4 പേടകത്തെ ഇറക്കുമെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് വെളിപ്പെടുത്തി. ദക്ഷിണ ധ്രുവത്തിനോട് ചേര്‍ന്ന പ്രദേശമാണിത്. ഒരു ചാന്ദ്ര ദിനമായിരിക്കും ദൗത്യത്തിന്റെ കാലാവധി.എന്നുവച്ചാൽ ഭൂമിയിലെ ഏകദേശം 14 ദിവസം.
ഈ സമയത്തിനകം തീവ്രമായ താപനില വ്യതിയാനങ്ങളും കഠിനമായ കാലാവസ്ഥയുമെല്ലാം തരണം ചെയ്തു വേണം ദൗത്യം പൂര്‍ത്തിയാക്കാൻ. രണ്ട് വ്യത്യസ്ത പേലോഡുകളുമായി രണ്ട് വിക്ഷേപണങ്ങള്‍ ചന്ദ്രയാന്‍ 4 ന് വേണ്ടി നടത്തും. എല്‍വിഎം3, പിഎസ്എല്‍വി റോക്കറ്റുകളിലായിരിക്കും ഇത്. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ദൗത്യം വിജയിച്ചാൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.