'അജിത് കുമാർ റേസിങ്'; ടീമിനെ പ്രഖ്യാപിച്ച് തല
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'തല'യാണ് അജിത് കുമാർ. അഭിനയം പോലെ തന്നെ വാഹനങ്ങളോടും റേസിങ്ങിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.
ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സിനിമയിലും അജിത് ബൈക്ക്, കാർ ചേസിങ് സീനുകൾ ചെയ്യുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് അജിത്. വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് തിരിച്ചെത്തുന്നത്. 'അജിത് കുമാർ റേസിങ്' എന്നൊരു ടീമും താരം പ്രഖ്യാപിച്ചു കഴിഞ്ഞു. തലയുടെ മാനേജർ കൂടിയായ സുരേഷ് ചന്ദ്രയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.
ഫാബിയൻ ഡഫിയക്‌സ് ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. ദേശീയ മോട്ടോർസൈക്കിൾ ചാംപ്യൻഷിപ്പിലൂടെയാണ് അജിത് റേസിങ്ങിലേക്ക് കടന്നു വരുന്നത്. പിന്നീട് ദേശീയ സിംഗിൾ-സീറ്റർ റേസിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാംപ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു. അടുത്തിടെ റേസിങ്ങിൽ സജീവമാകുന്നതിന്റെ ഭാഗമായി അജിത് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തുവരാനുള്ള ചിത്രം. ഡിസംബറിലാണ് ചിത്രം റിലീസിനെത്തുക.