എയ് റോബോ... വൺ ഐസ് ഗോല പ്ലീസ്; സ്ട്രീറ്റ് കഫേയിൽ വെയ്റ്ററായി റോബോട്ട്, പേര് ഐഷ
അഹമദാബാദിലെ ഒരു സ്ട്രീറ്റ് കഫേയിലെ വെയ്റ്ററെ കാണാൻ തിരക്കുകൂട്ടുകയാണ് ആളുകൾ. വെയ്റ്റർക്കെന്താണ് ഇത്ര പ്രത്യേകതയെന്നല്ലെ? വെയ്റ്റർ ഒരു റോബോട്ടാണ്. പേര് ഐഷ. അഹമദാബാദിലെ ആനന്ദ് നഗർ റോഡിലുള്ള റോബോട്ടിക്ക് കഫേ എന്ന സ്ട്രീറ്റ് കഫേയാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നതിനായി റോബോ വെയിറ്ററെ ഉപയോഗിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉപഭോക്താക്കൾക്ക് ഐസ് ഗോല നൽകുന്ന റോബോയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഐഷയുടെ വില 1,35,000 രൂപയാണ്. വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ മാത്രം പ്രവർത്തിക്കുന്ന ഈ സ്ട്രീറ്റ് കഫേയിലെ റോബോ വിളമ്പുന്ന ഐസ് ഗോലയുടെ വില 40 രൂപയാണ്. ശുചിത്വം ഉറപ്പാക്കി പൂർണമായും മെഷിനിൽ തയാറാക്കുന്നതാണ് ഈ ഐസ് ഗോല. ഭക്ഷ്യ സേവന വ്യവസായത്തിൽ റോബോട്ടിക്സിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നോയിഡ, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ നിരവധി റോബോട്ട് തീം റെസ്റ്റോറന്‍റുകൾ ജനപ്രീതി നേടി കഴിഞ്ഞു.