നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതികൾ പിടിയിൽ
നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു.
പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പൻ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തുവെന്നുമാണ് പരാതി.
നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.
46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞ് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നു. വിശ്വസനീയതയോടെ പെരുമാറിയത് കൊണ്ട് അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണ് ചെയ്തതെന്നും ഗൗതമി ആരോപിച്ചിരുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തട്ടിപ്പുകളാണ് നടന്നത്. 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും ഈ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ താന്‍ പാര്‍ട്ടി വിടുന്നുവെന്നും ഗൗതമി അറിയിച്ചിരുന്നു.