'പുലര്‍ച്ചെ 3.33-ന് റെക്കോഡിങ്, ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്'; റഹ്‌മാനെതിരേ ഗായകന്‍
സംഗീതസംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെതിരേ വിമര്‍ശനവുമായി ഗായകന്‍ അഭിജിത് ഭട്ടാചാര്യ. റഹ്‌മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. റഹ്‌മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ലെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് തികാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ തുറന്നുപറഞ്ഞത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്.
എ.ആര്‍ റഹ്‌മാനെ കാണാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവമാണ് അഭിജിത് പങ്കുവെച്ചത്. പ്രമുഖ കമ്പോസര്‍മാരായ ആനന്ദ്-മിലിന്ദ്, ജതിന്‍-ലളിത്, അനു മാലിക്ക് എന്നിവര്‍ തന്നെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കാണാന്‍ ചെന്നത്. അദ്ദേഹത്തെ കാണാനായി ഹോട്ടലില്‍ കാത്തുനിന്നു. കുറേ സമയത്തിന് ശേഷം ഇനി കാത്തുനില്‍ക്കാനാവില്ലെന്ന് തീരുമാനിച്ചു. പിറ്റേദിവസം രാവിലെ റെക്കോഡ് ചെയ്യാമെന്ന് കരുതി. എന്നാല്‍ പുലര്‍ച്ചെ 2 മണിക്ക് വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു. താന്‍ ഉറങ്ങുകയാണെന്ന് മറുപടി നല്‍കിയതായും അഭിജിത് പറഞ്ഞു.
രാവിലെ സ്റ്റുഡിയോയിലേക്ക് പോയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സാധാരണസമയങ്ങളില്‍ ജോലി ചെയ്യുന്ന രീതി അവര്‍ക്കില്ല. ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ നിങ്ങള്‍ പുലര്‍ച്ചെ 3.33 ന് റെക്കോഡ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. - അഭിജിത് പറഞ്ഞു.