യൂട്യൂബർമാർക്ക് സന്തോഷ വാർത്ത! ഷോർട്സ് വീഡിയോകൾ ഇനി മൂന്ന് മിനിറ്റ് വരെ
പുത്തൻ അപ്ഡേറ്റുമായി യൂട്യൂബും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. അപ്പോൾ യൂട്യൂബിന് എങ്ങനെ മാറിനില്‍ക്കാൻ പറ്റും. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് ഈ പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ പഴയതുപോലെ ലോംഗ്-ഫോം വീഡിയോ എന്ന കാറ്റഗറിയിൽ തന്നെ തുടരും. ഇവ യൂട്യൂബിന്‍റെ പരമ്പരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും.
മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോർട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്ക്ടോപ് വേർഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്‍ലോഡ് ചെയ്യേണ്ടത്.