സൂപ്പർനോവ അവശിഷ്ടത്തിൽനിന്ന് വിവരം ശേഖരിച്ച് എക്സ്പോസാറ്റ്
ഐ.എസ്.ആർ.ഒയുടെ ആദ്യ പോളാരി മെട്രി ദൗത്യമായ എക്സ്പോസാറ്റ് വിവരം ശേഖരിച്ചുതുടങ്ങി. പേടകത്തിലെ എക്സ്റേ സ്പെക്ട്രോസ്കോപി ആൻഡ് ടൈമിങ് (എക്സ്പെക്റ്റ്) എന്ന പരീക്ഷണോപകരണമാണ് കസിയോപിയ എ സൂപ്പർ നോവയുടെ അവശിഷ്ടത്തിൽനിന്ന് വിവരം ശേഖരിച്ചത്. എക്സ്പോസാറ്റിലെ രണ്ട് പരീക്ഷണ ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുന്ന ഘട്ടമാണിപ്പോൾ നടക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
പോളാരി മീറ്റർ ഇൻസ്ട്രുമെന്റ് ഇൻ എക്സ്റേസ് (പോളിക്സ്) ആണ് രണ്ടാമത്തെ പരീക്ഷണ ഉപകരണം. എക്സ്റേ തരംഗങ്ങളെ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കുകയും അതുവഴി തമോഗർത്തങ്ങളെയും ന്യൂട്രോൺ താരകങ്ങളെയും പഠനവിധേയമാക്കുകയാണ് എക്സ്റേ പോളാരി മീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റിന്റെ ദൗത്യലക്ഷ്യം. ജനുവരി ഒന്നിനായിരുന്നു എക്സ്പോസാറ്റിന്റെ വിക്ഷേപണം.