വീണ്ടും അപ്ഡേറ്റുമായി വാട്സ്ആപ്പ്; സ്റ്റാറ്റസിൽ ഇനി സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം
നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്.
വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ സ്റ്റാറ്റസിൽ സുഹൃത്തുക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ സാധിക്കും. സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കൾ മെൻഷൻ ചെയ്യുന്ന സുഹൃത്തിന് ലഭിക്കുന്ന തരത്തിലാണ് വാട്സ്ആപ്പ് അപ്ഡേറ്റ് വരുന്നത്. ഏത് വ്യക്തിയെ മെൻഷൻ ചെയ്തു കൊണ്ടാണോ സ്റ്റാറ്റസ് പങ്കുവെക്കുന്നത് ആ വ്യക്തിക്ക് മാത്രമേ ഇക്കാര്യം അറിയാൻ സാധിക്കുകയുള്ളൂ എന്നതാണ് പുതിയ അപ്ഡേറ്റിന്റെ പ്രത്യേകത.
സ്വകാര്യതയുടെ ഭാഗമായാണ് മറ്റ് ഉപഭോക്താക്കൾക്ക് ഇത് കാണാതിരിക്കാൻ ഇത്തരത്തിൽ ഒരു ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നത്. പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുക എന്നതാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രധാനമായതോ അല്ലെങ്കിൽ പ്രത്യേക അവസരങ്ങളിലോ പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.