സൂക്ഷിക്കുക... ഹാക്കർ പിന്നാലെയുണ്ട്...
നമ്മൾ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകൾ പൂർണമായും സുരക്ഷിതമല്ലത്രെ! രാജ്യത്തു കൂടുതലായും ഉപയോഗിക്കപ്പെടുന്ന ഇത്തരം ഫോണുകൾ പൂർണമായ സുരക്ഷ നൽകുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അടുത്തിടെ, ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയതു വലിയ വാർത്തയായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ ഫോൺ ചോർത്തിയേക്കാമെന്ന ആപ്പിളിന്റെ മുന്നറിയിപ്പായിരുന്നു രാഹുലിന്റെ ആരോപണത്തിന്റെ അടിസ്ഥാനം.
പിന്നീട് അതു തെറ്റായ മുന്നറിയിപ്പാകാമെന്നും ആപ്പിൾ വിശദീകരണം നൽകി. ആപ്പിളിന്റെ വിശദീകരണം വന്നതോടെ, ഐ ഫോൺ വരെ ഹാക്ക് ചെയ്യപ്പെടാം എന്നതു വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഐഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്പിൾ ഫോണുകളെ അപേക്ഷിച്ച് ആൻഡ്രോയ്ഡ് ഫോണുകൾക്കു സുരക്ഷ കുറവാണ്. ഒരു ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ അതിലെ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നതുൾപ്പെടെ വിവിധകാര്യങ്ങൾ ചെയ്യാനാകും. പണം മാത്രമല്ല, ഫോണിൽ സൂക്ഷിക്കപ്പെട്ട പല വിവരങ്ങളും അന്യന്റെ കൈയിൽ ചെന്നുപെടാം.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ..?
നിങ്ങളുടെ ഡാറ്റാ ഉപയോഗത്തിന്റെ തോത് ഉയർന്നാൽ അതു ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഒരു ലക്ഷണമാണ്. ഹാക്ക് ചെയ്യപ്പെട്ട ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയർ കാരണമായിരിക്കും ഡാറ്റ ഉപഭോഗത്തെ ഉയർന്ന തോതിലെത്തിക്കുന്നത്. ഫോണിലെ ഡാറ്റാ ഉപയോഗം ഇടയ്ക്ക് പരിശോധിക്കുന്നതു ശീലമാക്കുക.
നിങ്ങളുടെ സൗകര്യാർഥം ക്രമീകരിച്ച പാസ്വേർഡിന്റെ പ്രവർത്തനം അവതാളത്തിലായാൽ തീർച്ചയായും അത് ഹാക്ക് ചെയ്യപ്പെട്ടതിന്റെ ലക്ഷണമാണ്. ബ്രൗസ് ചെയ്യുമ്പോൾ അനാവശ്യ പോപ്പ്-അപ്പ് പരസ്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കുക. നിങ്ങളുടെ അറിവിലില്ലാത്ത ആപ്പുകൾ ഫോണിൽ കണ്ടാൽ സംശയിക്കണം. ആപ്പുകൾ ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്തതാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ അറിവില്ലാത്ത കോളുകൾ ഹിസ്റ്ററിയിലുണ്ടെങ്കിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ലക്ഷണമാകാം. സുരക്ഷാ സംവിധാനങ്ങൾ ഓഫ് ആകുന്നുണ്ടെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഭാഗമാകാം.
ഹാക്കിംഗ് ഒഴിവാക്കാൻ എന്തു ചെയ്യണം..?
ലളിതമായ പാസ് വേഡുകൾ, ലോക്ക് കോഡുകൾ തീർച്ചയായും ഒഴിവാക്കുക. ഒരേ പാസ്വേർഡ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബ്ലൂടൂത്ത്, വൈഫൈ ഉപയോഗശേഷം ഓഫ് ആക്കാൻ മറക്കാതിരിക്കുക. സുരക്ഷിതമല്ലാത്ത പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകളിലും ലിങ്കുകളിലും മറ്റും മൊബൈൽ നമ്പർ, ഇ-മെയിൽ, തിരിച്ചറിയൽ രേഖകൾ, പാസ്വേഡുകൾ തുടങ്ങിയവ നൽകരുത്. ഫോൺ നിർമാതാക്കൾ ലഭ്യമാക്കുന്ന സുരക്ഷാഅപ്ഡേറ്റുകൾ അതതു സമയങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുക.