സ്മാർട് ദോശ മേക്കർ; പ്രിന്ററിൽ മിനുറ്റുകൊണ്ട് ദോശ റെഡി
മൊരിഞ്ഞ മയമുള്ള ദോശ ഇനി ദോശ പ്രിന്ററിൽ മിനുറ്റുകൊണ്ട് തയ്യറാക്കിയെടുക്കാം. സംഭവം എളുപ്പമാണ് ദോശക്കല്ലോ, ഗ്യാസോ വേണ്ട ഇസി ഫ്‌ലിപ്പ് എന്നൊരു മെഷീൻ മാത്രം മതി. ഇതിൽ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിൽ ഏകദേശം 700 എംഎൽ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാനുമാവും.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നിൽ. ഇസി ഫ്‌ലിപ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാർട് ദോശ മേക്കർ എന്ന വിശേഷണവും കമ്പനി നൽകി കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചിൽ, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടൺ അമർത്തിയാൽ പ്രിന്ററിൽനിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകൾ വരും. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ഇന്റർനെറ്റ് ഉപയോക്താക്കളാണ് 'ദോശ പ്രിന്റർ' എന്ന പേരിട്ടത്.
ദോശ പ്രിന്ററിനെക്കുറിച്ച് നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. 'ഇതിൽ ദോശയുണ്ടാക്കുന്നത് ലളിതവും രസകരവും ആണല്ലോ എന്നതു മുതൽ അവർ മെഷീനിലേക്ക് മാവ് ടാങ്ക് ചേർത്തല്ല ഉണ്ടാക്കിയിരിക്കുന്നതെന്നു എന്നു വരെ നീളുന്നു അവ. മെഷീന് വ്യത്തിയാക്കുന്നത് വിഷമം പിടിച്ച പണിയായിരിക്കും എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.
കാശ് കളയാൻ ഉള്ളതാണെന്ന് പറയുന്നവരും ,ചട്നിയും സാമ്പാറും നമ്മൾ തന്നെ ഉണ്ടാക്കണോ എന്ന് ചോദിക്കുന്നവരും മാവ് അരയ്ക്കണോ എന്ന് വിഷമിക്കുന്നവരും നിരവധിയാണ്. ഒരു ഉപകാരവുമില്ലാത്ത ഉപകരണമാണിതെന്ന് മുൻവിധി എഴുതിയവരും ഉണ്ട്. ദോശ ചുടാൻ എളുപ്പമാണ് മാവ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്, മാവ് കുഴയ്ക്കുന്ന ചപ്പാത്തി മേക്കർ പോലെ ആയിരുന്നുവെങ്കിൽ എന്ന് പറയുന്നവരും കുറവല്ല.