പ്രിയപ്പെട്ടവര്‍ അകലെയാണെങ്കില്‍ പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കനും സാധിക്കും; പുതിയ കണ്ടുപിടുത്തം
അകലെയാണെങ്കില്‍ അവരുടെ സാമീപ്യം ശബ്ദമായി മാത്രമല്ല സ്പര്‍ശനത്തിലൂടെയും അറിയാം. പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ലോകത്തിലെ തന്നെ നിര്‍ണ്ണായകമായ കണ്ടെത്തലിനാണ് ഗവേഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമായേക്കാവുന്ന ഒരു കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കണ്ടുപിടുത്തത്തിലൂടെ ഇനി ദൂരങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കാന്‍ കൂടി സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കൂട്ടം ഗവേഷകരാണ് വെര്‍ച്വല്‍ ലോകത്ത് പരസ്പര സ്പര്‍ശനം അനുഭവിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ബയോ-ഇന്‍സ്‌പൈര്‍ഡ് ഹാപ്റ്റിക് സിസ്റ്റം (BAMH) എന്നാണ് ഈ കണ്ടുപിടുത്തതിന്റെ പേര്. നാഡീ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ സ്പര്‍ശനങ്ങളോട് പ്രതികരിക്കുന്നു. വിരല്‍ത്തുമ്പില്‍ സെന്‍സിറ്റിവിറ്റിയുള്ള കുറഞ്ഞ രോഗികള്‍ക്ക് അവരുടെ സ്പര്‍ശനബോധം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് നിര്‍ണ്ണയിക്കാനാണ് ഈ ഉപകരണം നിലവില്‍ ഉപയോഗിക്കുന്നത്.
ഒരു ഡയഗ്നോസ്റ്റിക് ടൂള്‍ എന്ന നിലയില്‍ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ കണ്ടുപിടുത്തം ഏറെ സഹായകമാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു കൈയുറയുടെ സഹായത്തോടെയാണ് ഈ വെര്‍ച്വല്‍ സ്പര്‍ശനം അനുഭവകരമാക്കുന്നത്.
ശാരീരിക സ്പര്‍ശനം വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് തങ്ങള്‍ വെര്‍ച്വല്‍ ലോകത്തെ സാമൂഹിക ഇടപെടലുകളില്‍ സ്പര്‍ശനം സാധ്യമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എന്നുമാണ് ഗവേഷണ സംഘാംഗമായ ഡോ. സാറാ അബാദ് വ്യക്തമാക്കുന്നത്.