ഒടുക്കം ദുരോവ് വഴങ്ങി; ആപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ യൂസര്‍ ഡേറ്റ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് ടെലഗ്രാം
ഒടുവിൽ ആപ്പ് ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് പ്രഖ്യാപിച്ച് മേധാവി പാവെല്‍ ദുരോവ്. ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലഗ്രാമിലെ പോസ്റ്റിലൂടെയാണ് ദുരോവ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.
പുതിയ മാറ്റങ്ങള്‍ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായും ദുരോവ് അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളും കോണ്ടന്റുകളും ടെലഗ്രാമില്‍ തിരയുന്നവരെ പ്ലാറ്റ്‌ഫോമില്‍ ബ്ലോക്ക് ചെയ്യും. അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനോ കണ്ടെത്താനോ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ നിയമപരമായി ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും.
ടെലഗ്രാം പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പവേല്‍ ദുരോവിനെ ഫ്രാന്‍സ് ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌ത്. സുഹൃത്തുക്കളേയും വാര്‍ത്തകളും തിരയ്യുന്നതിനാണ് സെര്‍ച്ച് ഫീച്ചറെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നത് വേണ്ടിയല്ലെന്നും ദുരോവ് പറഞ്ഞു. നിയമവിരുദ്ധമായ കോണ്ടന്റുകൾ, മയക്കുമരുന്ന്, തട്ടിപ്പുകള്‍, കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ എന്നിവ ടെലഗ്രാം സെര്‍ച്ചില്‍ വരാതിരിക്കാന്‍ എഐയുടെ സഹായവും ടെലഗ്രാം ഉപയോഗപ്പെടുത്തും.