സ്പേസ് എക്സിൻ്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മൂന്നാം പരീക്ഷണ ദൗത്യത്തിൽ വൻ മുന്നേറ്റം
സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യം ഭാഗികമായി വിജയിച്ചു. സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 70 കിമീ ഉയരത്തില്‍ വെച്ച് വിജയക്കരമായി വേർപ്പെടുത്തി. ശേഷം സമുദ്രനിരപ്പില്‍ നിന്ന് 230 കിലോമീറ്ററിലധികം ഉയരത്തിൽ പേടകം സഞ്ചരിച്ചു. വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിച്ചു.
ടെക്സാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.55 നായിരുന്നു വിക്ഷേപണം. പേടകവും റോക്കറ്റ് ബൂസ്റ്ററും കൂടി ചേര്‍ന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് 121 മീറ്റര്‍ ഉയരമുണ്ട് . സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററിന് മാത്രം 71 മീറ്റര്‍ ഉയരമുണ്ട്. ഇതിന് 3400 ടണ്‍ ഇന്ധനം വഹിക്കാൻ കഴിയും. 33 റാപ്റ്റര്‍ എഞ്ചിനുകളുള്ള ബൂസറ്ററിന് 7600 ടണ്‍ ത്രസ്റ്റ് സൃഷ്ടിക്കാനാവും. മുകളിലുള്ള സ്റ്റാര്‍ഷിപ്പിനാകട്ടെ 50 മീറ്റര്‍ ഉയരമുണ്ട്. 3 റാപ്റ്റര്‍ എഞ്ചിനുകളും 3 റാപ്റ്റര്‍ വാക്വം എഞ്ചിനുകളുമാണ് ഇത് ഉൾക്കൊള്ളുന്നത്. റോക്കറ്റ് നഷ്ടമായെങ്കിലും സ്‌പേസ് എക്‌സിനെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റം മൂന്നാം ദൗത്യത്തിലൂടെ സാധിച്ചു എന്നാണ് വിലയിരുത്തൽ. ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യം ഉള്‍പ്പടെ നാസയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിലെ പ്രധാന ഘടകമാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.