സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല; 'സെൽഫ് ഹീലിങ്' ഡിസ്പ്ലേ ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള ഡിസ്പ്ലേകൾ സ്മാർട്ഫോണുകളിൽ വരുമെന്നാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇൻസൈറ്റ് പറയുന്നത്. സ്വയം പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന ഡിസ്പ്ലേയ്ക്ക് വേണ്ടിയുള്ള ജോലികൾ ഫോൺ ബ്രാൻഡുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സ്‌ക്രീനിൽ വര വീഴുമ്പോൾ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ വസ്തു നിർമിക്കപ്പെടുകയും അതുവഴി സ്‌ക്രീനിൽ വന്ന വരകൾ ഇല്ലാതാവുകയും ചെയ്യുന്ന 'നാനോ കോട്ടിങ്' സംവിധാനത്തോടെയുള്ള സ്‌ക്രീൻ ആയിരിക്കും ഇത്. സ്വയം റിപ്പയർ ചെയ്യുന്ന ഡിസ്പ്ലേകൾ ഇനിയൊരു സയൻസ് ഫിക്ഷൻ അല്ലെന്നും അത് സാധ്യമാണെന്നും സിസിഎസ് ചീഫ് അനലിസ്റ്റ് ബെൻവുഡ് പറഞ്ഞു.
സ്വയം റിപ്പയർ ചെയ്യുന്ന സെൽഫ് ഹീലിങ് ഡിസ്പ്ലേകൾ എന്ന ആശയം ഇതാദ്യമായല്ല ചർച്ചയാവുന്നത്. 2013 ൽ എൽജി ജി ഫ്ളെക്സ് എന്ന പേരിൽ ഒരു കർവ്ഡ് സ്മാർട്ഫോൺ ഡിസ്പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ പരിക്കുകൾ പറ്റിയാൽ സ്വയം പരിഹരിക്കും വിധത്തിലുള്ളതായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും എൽജി പുറത്തുവിട്ടില്ല.
എന്നാൽ ഈ രംഗത്തും പുതിയ ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബെൻ വുഡ് പറയുന്നത്. എങ്കിലും സ്‌ക്രീനിലുണ്ടാകുന്ന വലിയ പൊട്ടലുകൾ പരിഹരിക്കാൻ ഈ സംവിധാനത്തിന് സാധിച്ചേക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മറിച്ച് ദൈനംദിന ഉപയോഗത്തിനിടെയുണ്ടാവുന്ന ചെറിയ സ്‌ക്രാച്ചുകൾ ഇല്ലാതാക്കാൻ ഇതിന് സാധിക്കും.
സെൽഫ് ഹീലിങ് ഡിസ്പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ വിവിധ പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമർ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതിൽ, ചെറിയ ചൂട് ലഭിക്കുമ്പോൾ സ്‌ക്രീനിലെ സ്‌ക്രാച്ചുകൾ പരിഹരിക്കപ്പെടും. ആപ്പിളിന്റെ ഫോൾഡബിൾ സ്‌ക്രീനിൽ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കപ്പെടുമന്ന അഭ്യൂഹങ്ങളുമുണ്ട്.