ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എൽവി-സി37 റോക്കറ്റ് ഭാഗം സുരക്ഷിതമായി തിരിച്ചിറക്കിയതായി ഐഎസ്ആര്‍ഒ
ഏഴുവർഷംമുൻപ് വിക്ഷേപിച്ച പിഎസ്എല്‍വി-സി37 റോക്കറിന്‍റെ മുകൾഭാഗം അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കിയതായി ഐ.എസ്.ആർ.ഒ. 2017 ഫെബ്രുവരി 15-നാണ് കാർട്ടോസാറ്റ്-2ഡി ഉപഗ്രഹത്തെയും മറ്റു 103 ചെറു ഉപഗ്രഹങ്ങളെയുമായി പി.എസ്.എൽ.വി. സി-37 വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥങ്ങളിൽ വിക്ഷേപിച്ചശേഷം റോക്കറ്റിന്റെ മുകൾഭാഗം ഇത്രയും കാലം ഭൂമിയില്‍ നിന്ന് ഏകദേശം 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു.
ചരിത്രത്തിലാദ്യമായി ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങളെ അയച്ച രാജ്യം എന്ന അഭിമാനം നേട്ടം അന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് പുറമെ കസാക്കിസ്ഥാൻ, ഇസ്രയേൽ, നെതർലൻഡ്‌സ്, യുഎഇ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കൻ ഐക്യനാടുകളുടെ 96 ഉപഗ്രഹങ്ങളും ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1377 കിലോഗ്രാമായിരുന്നു.
2024 സെപ്റ്റംബര്‍ ആറിന് രാത്രി 9.19 ഓടെ പിഎസ്എല്‍വി-സി37 റോക്കറ്റിന്‍റെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും നോര്‍ത്ത് അറ്റ്‌ലാന്‍ഡ് സമുദ്രത്തില്‍ പതിക്കുകയും ചെയ്തു. ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങള്‍ പാലിക്കാന്‍ ഇതോടെ ഐഎസ്ആര്‍ഒയ്ക്കായി. ദൗത്യത്തിന് ശേഷം ഭ്രമണപഥത്തിലെ വസ്തുക്കളുടെ പരിക്രമണ ആയുസ് 25 വർഷമായി പരിമിതപ്പെടുത്താൻ ഈ അന്താരാഷ്ട്ര നിയമം ശുപാർശ ചെയ്യുന്നുണ്ട്.