കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ?; ന്യൂട്രിഎയ്‌ഡ് ആപ്പിലൂടെ വിവരങ്ങൾ അറിയാം
ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരം തന്നെയാണ്.
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമീകൃത ആഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം, അതായത് അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം. ഓരോ ദിവസവും 70 ധാതുക്കളും 20 വൈറ്റമിനുകളും 15 ഫൈറ്റോ കെമിക്കൽസും ഭക്ഷണത്തിൽ ഉണ്ടായിരിക്കണം.
എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ എന്ന് അറിയാൻ കഴിയുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍. ഇന്ത്യയുടെയും ജര്‍മനിയുടെയും സഹകരണത്തോടെ രണ്ട് വര്‍ഷം നീണ്ട ഗവേഷണത്തിലാണ് ന്യൂട്രിഎയ്‌ഡ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ഭക്ഷണത്തിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ വിശദാംശങ്ങള്‍ ഉപയോക്താവിന് അറിയാനാകും എന്നതാണ് ആപ്ലിക്കേഷന്‍റെ പ്രധാന പ്രത്യേകത. എന്ത് തരം ഭക്ഷണം കഴിക്കുന്നു? കഴിക്കുന്ന ഭക്ഷണത്തിന്‍റെ പോഷക മൂല്യങ്ങള്‍ എങ്ങനെ? എത്ര ഊര്‍ജം സംഭരിക്കുന്നു? ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്നുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ന്യൂട്രിഎയ്‌ഡ്.
രാജ്യത്തെ 5,500 തരം ഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ 12 ശതമാനം വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നും പറയപ്പെടുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ ഭക്ഷണ ശീലത്തെ കുറിച്ച് മനസിലാക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലേക്ക് സ്വയം മാറാനും ന്യൂട്രിഎയ്‌ഡ് സഹായിക്കുന്നു. നിര്‍മിത ബുദ്ധിയില്‍ അധിഷ്‌ടിതമായ ഉപകരണം കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞാണ് ആവശ്യമായ വിവരങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണ രീതികളും ആപ്പില്‍ അറിയാം.