ന്യൂറലിങ്കിന് എതിരാളി; ക്ലിനിക്കൽ പരീക്ഷണങ്ങളുമായി സിങ്ക്രോൺ
ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കാൻ തയാറെടുക്കുകയാണ് ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ. മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ വൻ മുന്നേറ്റമാണ്ഇ ലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ ന്യൂറലിങ്കിനോട് മത്സരിക്കാൻ ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിങ്ക്രോൺ. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്.
ഒരു വ്യക്തിയുടെ തലച്ചോറിൽ സ്ഥാപിച്ച ബ്രെയിൻ ചിപ് അഥവാ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായിരുന്നു. 29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന ശരീരം തളർന്ന വ്യക്തിയുടെ തലച്ചോറിലാണ് ടെലിപതി എന്ന ബ്രെയിൻ ചിപ് സ്ഥാപിച്ചത്. അതുവഴി നോളണ്ട് ആർബോഗ് തലച്ചോർ ഉപയോഗിച്ച് കംപ്യൂട്ടർ കഴ്സറിനെ നിയന്ത്രിച്ചു. 8 വർഷങ്ങൾക്കു മുൻപ് അപകടത്തെത്തുടർന്നാണ് നോളണ്ടിന്റെ ശരീരം തളർന്നു പോയത്. ബ്രെയിൻ ചിപ് വഴി എട്ടുമണിക്കൂറാണു നോളണ്ട് ചെസ് കളിച്ചത്. ധാർമികപരമായ അളവുകോലുകൾ പാലിച്ചുകൊണ്ട് മസ്തിഷ്കത്തിലേക്കുള്ള കടന്നുകയറ്റമാണ് ഈ രീതിയുടെ ലക്ഷ്യം. ഒരു ഡേറ്റ കേബിൾ കുത്തി ഒരു ഉപകരണത്തെ കംപ്യൂട്ടറിലേക്കു ഘടിപ്പിക്കുന്നതുപോലെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയാണ് ഈ പരീക്ഷണങ്ങളിലൂടെ.